സംശയം തോന്നി അമ്മായിഅമ്മയുടെ മുറിയിൽ നോക്കിയ മരുമകൾ കണ്ട ഞെട്ടിക്കുന്ന കാഴ്ച

in Story 0 views

എത്ര പറഞ്ഞാലും ഈ അമ്മ കേൾക്കില്ല, നാലാളുകൂടുന്നിടത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചാൽ കൊന്നാലും അമ്മ വരില്ല.. അവളുടെ വീട്ടുകാരെന്തു വിചാരിച്ചു കാണുമോ എന്തോ…!!ഏട്ടൻ അതും പറഞ്ഞ്‌ ചിരിച്ചു കൊണ്ട് തിരികെ ഏടത്തിയുടെ വീട്ടുകാർക്കരികിലേക്ക് പോയി..ശരിയാ ഏട്ടൻ പറഞ്ഞത്.. ഇന്നും നാലാള് കൂടുന്നിടത്ത് ഇരുന്ന് ഭക്ഷണം കഴിച്ചാൽ അമ്മക്കിറങ്ങില്ല..കാലം എത്ര മാറിയാലും അമ്മയെന്നും അടുക്കളപ്പുറത്തിരുന്നേ കഴിക്കൂ..അവിടിരുന്നു കഴിച്ചാലേ അമ്മേടെ വയറു നിറയൂ.

അതെങ്ങനാ ശീലങ്ങളൊക്കെയും അച്ഛമ്മ പഠിപ്പിച്ചതല്ലേ. ഉണ്ണാനും ഉടുക്കാനും കൊടുക്കാതെ മാടിനെ പോലെ പണിയെടുപ്പിച്ചും തല്ലിയും തെറിവിളിച്ചും ആകെ ഒരു വഴിക്കാക്കിയിരുന്നു.

അന്നത്തെ കാലത്ത് മറ്റേതെങ്കിക്കുമൊരു പെണ്ണായിരുന്നുവെങ്കിലും സ്വന്തം പാട് നോക്കി പോയേനെ..

അച്ഛമ്മ എന്ത് ചെയ്താലും അമ്മ തിരിച്ചൊന്നും പറയില്ല.. അച്ഛൻ അമ്മേ കല്യാണം കഴിച്ചുകൊണ്ടുവരുമ്പോൾ ആണ് നാലാളുടെ മുന്നിൽ അമ്മേടെ തലയൊന്നുയർന്നത്.

പക്ഷേ, അന്നത്തോടെ തന്നെ അത് അച്ഛമ്മ താഴ്ത്തിക്കുകയും ചെയ്തിരുന്നു.. അച്ഛമ്മക്ക് മക്കൾ ഏഴാണ്.. അതിൽ അച്ഛനാണ് ഏറ്റവും മുതിർന്നത്..

അച്ഛന് താഴെ രണ്ടനിയന്മാരും ബാക്കി നാല് പേരും പെണ്ണുങ്ങളാണ്.. ഈ നാലുപേർക്കടക്കം എല്ലാവർക്കും വച്ചുവിളമ്പി അവരുടെയടെയെല്ലാം തുണികൾ അലക്കിയും കഴിച്ച പാത്രങ്ങളും കഴുകി വീട്ടിലെയും പറമ്പിലേയും സകല പണികളും ചെയ്യേണ്ട ചുമതല അമ്മക്കായിരുന്നു.. എന്നിട്ടോ കഴിക്കാനൊട്ട് കൊടുക്കത്തുമില്ല. കഴിച്ചിട്ടെണീറ്റുപോകുക മാത്രമേ എല്ലാവരും ചെയ്യുകയുണ്ടായിരുന്നുള്ളൂ..

ഓരോരുത്തരും കഴിച്ച പാത്രത്തിൽ പകുതിയിലധികം ചോറും ചിലപ്പോൾ ബാക്കിയുണ്ടാകും..

എന്നിരുന്നാലും അതുപോലും കഴിക്കാൻ അമ്മയെ സമ്മതിക്കില്ലായിരുന്നു അച്ഛമ്മ.. ഒരിക്കെ അച്ഛൻ കഴിച്ചു ബാക്കിവെച്ച ചോറ്, കിണ്ണം കഴുകാനെടുത്തപ്പോൾ വിശപ്പ് സഹിക്കവയ്യാതെ അമ്മ കഴിക്കുകയുണ്ടായി. അന്നായിരുന്നു അച്ഛമ്മയുടെ യഥാർത്ഥ സ്വഭാവം അമ്മയറിഞ്ഞത്..

കയ്യിൽ കിട്ടിയ ഒരു വിറക് കൊള്ളിയെടുത്ത് കൊടുത്തു നിറുകൻതലക്കൊരടി.. ജീവനിൽ പേടിയുള്ളവരാരായിരുന്നാലും അന്നവിടെ നിന്നും സ്വരക്ഷയോർത്ത് ഓടിപ്പോയിട്ടുണ്ടാകും.. പക്ഷേ അമ്മ പോയില്ല. തലപൊട്ടി ചോരവാർന്നിട്ടും കയ്യിലെ കിണ്ണത്തിലെ പിടി മാത്രം വിട്ടില്ല പാവം..അത്രക്കുണ്ടായിരുന്നു അന്നത്തെ വിശപ്പ്..

തലേന്നുച്ചക്ക് തൊടിയിലെ പണികഴിഞ്ഞ് ഒട്ടിയ വയറുമായി വന്ന അമ്മയെ മോറിപ്പാർന്ന ചോറും ചെമ്പിൽ ഒരുവറ്റുപോലും കാത്തിരിപ്പുണ്ടായിരുന്നില്ല..

കാടിപ്പാത്രത്തിൽ ചെമ്പ് കഴുകിയ വെള്ളം ഒഴിക്കാൻ തുടങ്ങും മുൻപ് അച്ഛമ്മ കാണാതെയൊരു ഗ്ലാസ്സ് വെള്ളം അമ്മ ഒളിപ്പിച്ചു വെച്ചിരുന്നു അമ്മ.. അച്ഛമ്മ വരുന്നില്ലെന്നുറപ്പുവരുത്തി ഒറ്റവലിക്കതു കുടിച്ചിറക്കുമ്പോൾ വെണ്ണീറ് കലർന്നിരുന്നു അതിലെന്നമ്മയറിഞ്ഞിരുന്നില്ല.. അമ്മയുടെ നല്ലപ്രായം അന്നച്ഛമ്മയുടെ പോരെടുക്കലിൽ തീർന്നില്ലാതാവുകയായിരുന്നു.. അന്നെനിക്ക് ആറു വയസ്സാ..ഏട്ടന് പത്തും. ഏട്ടന്റെ കുട്ടിക്കാലം മുഴുവനും ഏട്ടൻ അമ്മയുടെ വീട്ടിൽ നിന്നായിരുന്നു വളർന്നത്..

അതുകൊണ്ട് മാത്രം അച്ഛമ്മ ആയുസ്സെടുത്തു മണ്മറഞ്ഞു.. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ….!!! . .

അച്ഛൻ മിക്കപ്പോഴും പണിസ്ഥലങ്ങളിലായിരിക്കും അതുകൊണ്ട് വീട്ടിലെ പ്രശ്നങ്ങളൊന്നും അച്ഛനെയാരും അറിയിച്ചിരുന്നില്ല..

പണികഴിഞ്ഞ് രണ്ടോ അതിലധികമോ ദിവസം കഴിഞ്ഞാവും അച്ഛൻ വീട്ടിലെത്തുക, അപ്പഴൊ….അച്ഛമ്മ അമ്മേടെ കുറ്റം അച്ഛന്റെ കാതിലോതുകയും ചെയ്യും.. പക്ഷേ, അച്ഛൻ രണ്ടുപേരുടെയും ഭാഗത്ത് നിൽക്കാതെ പ്രശ്നപരിഹാരം നിങ്ങളായിട്ട് കണ്ടോളാൻ മാത്രം പറയും.. നിങ്ങൾക്കിടയിൽ ഞാൻ നിന്നാൽ പിന്നെ അതിനാവും അടുത്ത വഴക്കെന്ന് പറയുമായിരുന്ന അച്ഛന്റെ വാക്കുകൾ അച്ഛമ്മക്ക് അമ്മയുടെ മേൽ കുതിരകേറാനുള്ള പിടിവള്ളി ആയിരുന്നു.

എന്തൊക്ക സംഭവിച്ചിട്ടും അമ്മയുടെ നാവിൽ നിന്നും ഒരിക്കെ പോലും അച്ഛമ്മയെപ്പറ്റി അമ്മ അച്ഛനോട് മോശമായി പറയുന്നത് കേട്ടിട്ടില്ല ഞാൻ.. അത്രക്ക് സഹിച്ചിരുന്നു അമ്മ അവരിൽ നിന്നും. അക്കാലത്ത് അമ്മയൊക്കെ കഷ്ടപ്പെട്ടതോർക്കുമ്പോൾ ഇന്ന് നമ്മളൊക്കെ എത്ര സ്വർഗ്ഗത്തിലാ ജീവിക്കുന്നതെന്ന് തോന്നാറുണ്ട് പലപ്പോഴും.. അന്ന് നാല് തൂണും കുത്തി അതിനുമേൽ ഓലമേഞ്ഞൊരു ചെറ്റക്കുടിലാ വീടെന്ന് പറയാൻ ആകെയുള്ളത്.. ഇന്നോ ടെറസ്സ് അല്ലാത്ത വീടുകൾ നാട്ടിൽ ചുരുക്കം ചിലത് മാത്രം..

അടുക്കളയെന്നോ കിടപ്പുമുറിയെന്നോ വേർതിരിവില്ലാതെ അന്തിയുറങ്ങാനൊരിടം അത്രതന്നെ. ഒലിച്ചിറങ്ങുന്ന മഴവെള്ളത്തിൽ നിന്നും തന്റെ കുഞ്ഞുങ്ങളെ മാറോടടക്കി പിടിച്ചുറങ്ങാതെ നേരം വെളുപ്പിച്ചിരുന്ന ഒരു തലമുറ….!! അമ്മയുടെ മാറിലെ ചൂടോളം അന്നൊരുപുതപ്പിനും ഞങ്ങളുടെ മക്കളുടെ തണുപ്പകറ്റാൻ സാധിക്കുമായിരുന്നില്ല..

എന്നെ സ്കൂളിൽ ചേർക്കാൻ വേണ്ടിയായിരുന്നു അച്ഛൻ ഞങ്ങളെയും കൂട്ടി അമ്മയുടെ വീടിന്റടുത്തേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചത്..

ഏട്ടനുണ്ടായിട്ട് പത്തുവർഷം കഴിഞ്ഞാണ് ഞാനുണ്ടാകുന്നത്.. അതുവരെ അച്ഛമ്മ അമ്മേ അച്ഛന്റെ കൂടെ കിടത്തുകപോലുമുണ്ടായിരുന്നില്ല..

അച്ഛമ്മ കിടക്കുന്ന മുറിയിൽ വെറും നിലത്ത് ഒരു പായ വിരിച്ച് കിടത്തും.. ഒരു തുണിക്കഷ്ണം വിരിച്ചും പുതച്ചും കിടക്കാൻ അമ്മക്കായത് അച്ഛനൊപ്പം ഞങ്ങളുടെ നെടുംപുരയിലേക്ക് വന്നതിൽപ്പിന്നെയാണ്..

ഇന്ന്, ഒന്ന് തുന്നലഴിഞ്ഞാൽ പുത്തനുടുപ്പ് വാങ്ങിയിടാതെ നമ്മുടെ തലമുറക്കുറക്കം വരില്ല.. അന്ന് കൊല്ലത്തിൽ ഒന്നോ രണ്ടോ തുണിത്തരങ്ങൾ മാത്രമേ ഉണ്ടാകൂ.. വീട്ടിലെ ഓരോരുത്തർക്കുമായി ഓരോന്ന് വാങ്ങുന്ന പതിവില്ല.

പകരം ഒരാളിട്ടുപഴകിയത് അടുത്തയാൾക്ക് കൊടുക്കും.. അതുകീറാറാകുമ്പോൾ മാത്രം പുതിയത്…

അത് തന്നെ രണ്ടാൾക്കും എടുക്കില്ല..

സമപ്രായക്കാരായ മക്കളാണെങ്കിൽ രണ്ടാൾക്കും കൂടി ഒരെണ്ണം വാങ്ങും എന്നിട്ട് മാറിമാറി ഉപയോഗിപ്പിക്കും.. പറയാനാണെങ്കിൽ അങ്ങനെ എത്രയെത്ര കഥകളും അനുഭവങ്ങളും ഉണ്ട് നമ്മുടെയൊക്കെ ചെറുപ്പത്തിൽ.. അതൊക്ക ഓർക്കുമ്പോൾ ഇന്നത്തെ തലമുറ സ്വർഗത്തിൽ ആണെന്ന് പറഞ്ഞാൽ പോരാ അതിനും മുകളിലാണവരുടെ ജീവിതം.. ഇന്ന് കഴിക്കുന്ന ഭക്ഷണത്തോട് നമ്മുടെ കുഞ്ഞുങ്ങൾ കാണിക്കുന്ന ഇഷ്ടങ്ങളും അനിഷ്ടങ്ങളും കാണുമ്പോൾ ഇവ രണ്ടുമെന്തെന്നുപോലും അറിയാതെ വളർന്നൊരു തലമുറ അവർക്കുമുന്നെ ജീവിച്ചിരുന്നുവെന്നുള്ള ബോധം അവരിൽ ഉണർത്തിക്കുന്നത് നല്ലതാണ്..

ചിലവാക്കുന്ന പൈസക്കും ഭക്ഷണത്തിനും മുട്ട് വരുന്നൊരു കാലം നമ്മുടെ കുഞ്ഞുങ്ങൾക്ക് വരാൻ അധികദൂരമില്ലെന്ന് അവരെ മനസ്സിലാക്കിക്കുന്നതും നല്ലതായിരിക്കും..

രചന :AmMu Malu AmmaLu

Share this on...