ഡിവോഴ്സായി നിൽക്കുന്ന പെൺകുട്ടിയുടെ ഫോണിലേക്ക് സുഹൃത്ത് അയച്ച മെസ്സേജ് കണ്ടപ്പോൾ ഞെട്ടിപ്പോയി

in Story 0 views

എന്താ മോളെ ഇനി നിന്റെ പ്ലാൻ. ആദ്യ വിവാഹം ഡിവോഴ്സ് ആയെന്ന് വച്ച് ഇനി കല്യാണമേ വേണ്ടെന്നാണോ തീരുമാനം .. ”ബാലചന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ തല കുമ്പിട്ടു ശലഭ. അത് കണ്ട് പതിയെ അവളുടെ അരികിലേക്ക് ചെന്നിരുന്നു അമ്മ ശ്രീദേവി.” മോളെ നോക്ക്.. ഒറ്റ മോളാ നീ ഞങ്ങൾക്ക്. ആ നീ പതിനെട്ടു തികഞ്ഞപ്പോ ഇഷ്ടമുള്ള ആൾക്കൊപ്പം ഇറങ്ങി പോയി… അന്നൊരുപാട് സങ്കടപ്പെട്ടു ഞങ്ങൾ.. മനസ്സ് കൊണ്ട് ശപിച്ചു.ഇങ്ങനെ ഒരു മോളില്ല എന്ന് തന്നെ കരുതി പക്ഷെ ഇപ്പോ മൂന്ന് വർഷങ്ങൾക്കിപ്പുറം അവനുമായി ഒന്നിച്ചു പോകാൻ പറ്റില്ല എന്ന് പറഞ്ഞു നീ വിളിച്ചു കരഞ്ഞപ്പോൾ ഞങ്ങൾക്ക് പിന്നെ വാശി കാണിക്കുവാൻ പറ്റില്ലായിരുന്നു എല്ലാം മറന്നു നിന്നെ തിരികെ വിളിച്ചു കൊണ്ട് വന്നതും അതുകൊണ്ടാണ്.

ഇനിയെങ്കിലും നീ ഞങ്ങൾ പറയുന്നത് കേൾക്കണം നിന്റെ നല്ല ഭാവിയ്ക്കായാണ് ഞങ്ങൾ ഓരോന്ന് പറയുന്നത്.”

പറഞ്ഞത് മനസിലാകുന്നുണ്ടെങ്കിലും ഒരു മറുപടി പറയുവാൻ കഴിയാതെ കുഴഞ്ഞു ശലഭ. ആദ്യ ഭർത്താവ് അനൂപിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇനി മറ്റൊരു വിവാഹം വേണ്ട എന്ന് തന്നെയാണ് അവൾ ഉറപ്പിച്ചിരുന്നത് എന്നാൽ ഇപ്പോ അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു അവൾ

” അമ്മേ.. അച്ഛാ.. എനിക്ക് മനസിലാകും നിങ്ങൾ പറയുന്നത്. എന്റെ നല്ല ഭാവിയ്ക്കായി തന്നെയാണ് നിങ്ങൾ നിർബന്ധിക്കുന്നത്. പക്ഷെ.. പക്ഷെ എന്റെ അവസ്ഥ കൂടി ഒന്ന് മനസിലാക്കണം. ഒരു വിവാഹം എനിക്ക് തന്ന ആഘാതം ഇതുവരെയും വിട്ടു മാറിയിട്ടില്ല. അതിനിടയിൽ ഇനി മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാൻ കഴിയുന്നില്ല എനിക്ക്. പ്ലീസ് എനിക്കൊരല്പം സമയം തന്നൂടെ നിങ്ങൾക്ക് ”

നിറക്കണ്ണുകളോടെ കെഞ്ചുന്ന മോളെ കൂടുതൽ വിഷമിപ്പിക്കുവാൻ തോന്നിയില്ല ബാലചന്ദ്രന്. പതിയെ അവളുടെ അരികിലെത്തി നെറുകയിൽ തലോടി അയാൾ.

” ഓക്കേ അച്ഛൻ മനസിലാക്കുന്നു.. മോളൊന്ന് റിലാക്സ് ആക് പതിയെ മതി ഒന്നിനും ഒരു ധൃതി വേണ്ട.. ”

ആ വാക്കുകൾ ഏറെ ആശ്വാസമായിരുന്നു ശലഭയ്ക്ക്.

റൂമിലേക്കെത്തി വാതിലടച്ചു ബെഡിലേക്ക് ചായുമ്പോൾ ഉള്ളിൽ വല്ലാത്ത വീർപ്പു മുട്ടലായിരുന്നു അവൾക്ക്. അത്രമേൽ അവൾ സ്നേഹിച്ചിരുന്നു അനൂപിനെ. എവിടെയാണ് പിഴച്ചതെന്നറിയില്ല..

‘ഒരുപക്ഷെ സമ്പന്നതയിൽ നിന്നും പെട്ടെന്ന് പുറത്താക്കപ്പെട്ട് ഒറ്റയ്ക്ക് താമസിക്കേണ്ടി വന്നപ്പോൾ ഒന്നും മാനേജ് ചെയ്യാൻ കഴിയാതെ വന്നുകാണും അവന്. അതാകാം കാരണം ‘

മനസിലെ ചിന്തകൾ ശലഭയെ കൂടുതൽ അസ്വസ്ഥയാക്കികൊണ്ടിരുന്നു.

അവളുടെ ചിന്തകൾ ഏറെ കുറെ സത്യമായിരുന്നു. ആദ്യത്തെ ആവേശത്തിൽ വീട്ടിൽ നിന്നുമിറങ്ങി വാടക വീട്ടിൽ ശലഭയുമായി താമസമാരംഭിക്കുമ്പോൾ അനൂപ് ഓർത്തില്ല പിന്നീടുള്ള ജീവിതത്തിൽ താങ്ങായി മറ്റാരും ഉണ്ടാകില്ല എന്നത്.

ഒരു ബൈക്ക് ഷോറൂമിലെ ജോലിയിൽ മാസം കിട്ടുന്ന ചെറിയ ശമ്പളം വീട്ടു വാടകയ്ക്കും മറ്റു ചിലവുകൾക്കും തികയാതെ വന്നപ്പോൾ മുതൽ അവന്റെ മനസ് ആസ്വസ്ഥമായി തുടങ്ങി. അതിനിടയിൽ ശലഭയുടെ പഠന ചിലവ് കൂടി അവന് താങ്ങാൻ പറ്റാതെയായി.

ഒപ്പം കുട്ടികൾ ഉണ്ടാകാത്തതും അവളുടെ ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് എന്ന് തിരിച്ചറിയവേ ആ അസ്വസ്ഥത കൂടി കൂടി വന്നു. തന്റെ കൂട്ടുകാരൊക്കെ അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ തനിക്ക് മാത്രം ഈ പ്രാരാബ്ദം വന്നു പെട്ടു എന്ന ചിന്ത അനൂപിനെ വരിഞ്ഞു മുറുകി. ആ ചിന്തകൾ ശലഭയോടുള്ള അവന്റെ അടുപ്പം കുറച്ചു.

വീട്ടുകാരെ പിണക്കിയുള്ള ആ വിവാഹം പോലും ഒരു എടുത്തു ചാട്ടമായിപ്പോയി എന്നവൻ ചിന്തിച്ചു. അതിനിടയിൽ ഒരു ആക്‌സിഡന്റ് പറ്റി കാലിലെ എല്ലിന് പൊട്ടൽ പറ്റി കിടന്ന സമയം പിണക്കമെല്ലാം മറന്നു അമ്മയും ചേട്ടനും തിരികെയെത്തിയതോടെ അവരോടൊപ്പം നിൽക്കുന്നതാണ് നല്ലതെന്ന് മനസിലാക്കി അനൂപ്.

അവിടം മുതലാണ് അവരുടെ ജീവിതത്തിൽ താളപ്പിഴകൾ വന്നു തുടങ്ങിയത്. വാടക വീട് മാറി അനൂപിന്റെ വീട്ടിലേക്ക് ചെന്ന് കയറിയ ശലഭക്ക് അവിടെ കുത്തു വാക്കുകളും ഒറ്റപ്പെടലും മാത്രമായിരുന്നു കൂട്ട്.

” മരുമോള് നല്ലൊന്നാന്തരം ഒരു മച്ചി പശുവാ.. തൊലി വെളുപ്പൊക്കെയുള്ളോണ്ട് അവന് കൂടെ കിടത്താൻ കൊള്ളാം.. അല്ലാതെ വേറെ ഗുണമൊന്നുമില്ല.. ”

തന്നെ പറ്റി അയൽക്കാരിയായ ഉറ്റ സുഹൃത്തിനോട് ഒരു ദിവസം അനൂപിന്റെ അമ്മ പറയുന്നത് കേട്ട് ചങ്ക് പിടഞ്ഞു പോയി ശലഭയ്ക്ക്. പലപ്പോഴും അത് ആവർത്തിച്ചു. പരമാവധി ക്ഷമിച്ചു അവൾ എന്നാൽ
ആ വീട്ടിൽ താൻ നേരിടുന്ന പല പ്രശ്നങ്ങൾക്കും മുന്നിൽ അനൂപ് കൂടി കണ്ണടയ്ക്കുന്നു എന്ന് മനസിലായതോടെ നിയന്ത്രണം വിട്ടു തുടങ്ങി. അവിടം മുതലാണ് വഴക്കുകൾ ആരംഭിച്ചത്.

വീട്ടുകാർക്ക് ഒപ്പം നിന്നാൽ മാത്രമേ തനിക്ക് സാമ്പത്തികമായി പിടിച്ചു നിൽക്കുവാൻ കഴിയു എന്ന് മനസിലാക്കിയ അനൂപ് ശലഭയെ മനഃപൂർവം അവഗണിച്ചു. അങ്ങിനെ ഒടുവിൽ ഡിവോഴ്‌സും നടന്നു. നിറമിഴികളോടെയാണ് ശലഭ കോടതിയിൽ നിന്നും ഇറങ്ങിയത് എന്നാൽ അനൂപ് ആകട്ടെ എന്തോ വലിയൊരു ബാധ്യത തലയിൽ നിന്നുമൊഴിഞ്ഞ ആശ്വാസത്തിലായിരുന്നു.

‘ഒരു ജോലി നേടണം.. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണം’

അത് മാത്രമായിരുന്നു ശലഭയുടെ പിന്നീടുള്ള ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റി. ഇന്നിപ്പോൾ ഒരു പ്രൈവറ്റ് ബാങ്കിൽ അത്യാവശ്യം മോശമില്ലാത്ത ശമ്പളത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുകയാണ് അവൾ.എന്നാൽ ഡിവോഴ്സ് ആയതോടെ മറ്റു ചില പ്രശ്നങ്ങളും നേരിട്ട് തുടങ്ങി. സുഹൃത്തുക്കളിൽ പലരുടെയും പെരുമാറ്റത്തിലെ മാറ്റം അവളെ കൂടുതൽ അതിശയിപ്പിച്ചു.

‘ എന്തിനും ഏതിനും ഞങ്ങൾ ഒപ്പമുണ്ട്.. നീ ധൈര്യമായിരിക്ക് ‘

എന്ന് പറഞ്ഞു ആശ്വസിപ്പിച്ച പല സുഹൃത്തുക്കളും രാത്രി സമയങ്ങളിൽ പല പല സംശയങ്ങളുമായി അവളെ സമീപിച്ചു തുടങ്ങി.

” എടോ.. പിന്നെ.. വീട്ടിൽ കല്യാണ ആലോചനകൾ ഒക്കെ തുടങ്ങി. ഒരെണ്ണം ഏകദേശം ഉറപ്പിച്ച മട്ടാണ്. പക്ഷെ എനിക്ക് കുറെ സംശയങ്ങൾ ഉണ്ട് നിന്നോട് ആകുമ്പോൾ തുറന്ന് ചോദിക്കാലോ ”

ആദ്യമായി വന്നത് ആത്മ മിത്രം ശരത്ത് ആയിരുന്നു.

” എന്ത് സംശയം ടാ.. പെണ്ണിന്റെ സ്വഭാവത്തെ പറ്റിയാണോ.. അതോ ഇനി ഗിഫ്റ്റ് വല്ലതും വാങ്ങാൻ ആണോ..”

സുഹൃത്ത് ആയതു കൊണ്ട് തന്നെ വളരെ ഫ്രണ്ട്‌ലി ആയാണ് ശലഭ മറുപടി പറഞ്ഞതും

” അല്ലടോ.. ഇത് വേറെയാണ്.. ഈ ആദ്യമായിട്ടൊക്കെ ബന്ധപ്പെടുമ്പോ നല്ല വേദന ഉണ്ടാകോ.. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. നിനക്ക് ആകുമ്പോ എക്സ്പീരിയൻസ് ഉണ്ടല്ലോ.. നിനക്ക് എങ്ങിനെ ആയിരുന്നു.. വേദനയായിരുന്നോ നിന്റെ അനുഭവം ഒന്ന് പറയാമോ.. ”

അന്ന് ആ ചോദ്യം കേട്ട് വല്ലാതെ നടുങ്ങി പോയി അവൾ. മറുപടി പറഞ്ഞില്ല പകരം ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു കളഞ്ഞു. പിന്നെ പലപ്പോഴും അവന്റെ ഭാഗത്തു നിന്നും ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടായി അവൾക്ക്. ആദ്യമൊക്കെ അനുഭവങ്ങൾ ചോദിച്ചു പതിയെ പതിയെ വിഷയം സെക്സിലോട്ട് വ്യതിചലിച്ചു തുടങ്ങി.

ശരത്ത് മാത്രമല്ല. മറ്റു പല സുഹൃത്തുക്കളും ഇതുപോലെ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ശലഭയെ സമീപിച്ചു തുടങ്ങിയിരുന്നു. അതോടെ ഡിവോഴ്സ് ആയ ഒരു പെൺകുട്ടിയോടുള്ള പലരുടെയും മനോഭാവം എന്താണെന്ന് വ്യക്തമായി മനസിലാക്കി അവൾ. ഒടുവിൽ ആ കൂട്ടുകൾ എല്ലാം ഒഴിവാക്കി ഒതുങ്ങി കൂടി തുടങ്ങി അവൾ.

ഓരോന്നോർത്ത് അങ്ങിനെ കിടക്കുമ്പോൾ വാട്ട്സാപ്പിൽ ഒരു മെസേജ് വന്നു. പരിചയം ഇല്ലാത്ത നമ്പർ ആയതിനാൽ തന്നെ സംശയത്തോടെയാണ് അവൾ അത് ഓപ്പൺ ആക്കി നോക്കിയത്.

‘ ഹായ്.. ശലഭ.. ഞാൻ ആദർശ്. പേര് പറഞ്ഞാൽ അറിയാലോ അല്ലേ.. ഞാനും ഡിവോഴ്സ് ആയി നിൽക്കുകയാണ്. ഇപ്പോ ഓരോ വിവാഹലോചനകൾ നോക്കുമ്പോ ആണ് തന്റെ പ്രൊപോസൽ ഒരു ബ്രോക്കെർ പറയുന്നത്. അങ്ങിനെയാണ് അച്ഛനുമായി ഞാൻ സംസാരിച്ചത്. തന്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോ ഒപ്പം കൂട്ടാനും വല്ലാതെ ആഗ്രഹിച്ചു.

എന്നാൽ കുറച്ചു മുന്നേ തന്റെ അച്ഛൻ വിളിച്ചു പറഞ്ഞു ഇപ്പോൾ വിവാഹം ഒന്നും നോക്കുന്നില്ല താത്പര്യം ഇല്ല എന്ന്. കേട്ടപ്പോ അതൊരു വിഷമം ആയി. ബയോഡേറ്റ തന്നപ്പോ ഫോൺ നമ്പർ അതിൽ ആഡ് ചെയ്തിരുന്നു. അങ്ങിനാ ഈ നമ്പർ കിട്ടിയേ… തനിക്ക് എന്തെ എന്നെ ഇഷ്ടപ്പെടാഞ്ഞിട്ട് ആണോ വേണ്ട എന്ന് പറഞ്ഞത്. എന്തായാലും ഒരു തുറന്ന് പറയാമോ ‘

ആ മെസേജ് വായിച്ചു തീരവേ ആകെ അന്ധാളിച്ചു പോയി ശലഭ.അച്ഛൻ അപ്പോൾ തന്റെ വിവാഹ കാര്യത്തിൽ എത്രത്തോളം ഉള്ളിലേക്ക് പോയിരുന്നു എന്നത് അപ്പോഴാണ് അവൾ മനസിലാക്കിയത്.

മറുപടി കൊടുക്കുവാൻ അവളുടെ മനസ് അനുവദിച്ചില്ല. ആ മെസേജ് അവഗണിച്ചു കൊണ്ട് ഫോൺ കിടക്കയിലേക്കിട്ടു.

‘ഒരുപക്ഷെ എനിക്ക് ഇഷ്ടമാകാത്തതിനാലാകും ഇ ബന്ധം വേണ്ട ന്ന് അച്ഛൻ പറഞ്ഞത് എന്ന് കരുതി കാണും..’

മനസ്സിൽ അത് ഓർത്തു കിടക്കവേ വീണ്ടും ഒരു മെസേജ് കൂടി വന്നു.

‘ ഞാൻ ശല്യം ചെയ്യാൻ വന്നതല്ല ആത്മാർത്ഥമായി തന്നെ ഒപ്പം കൂട്ടണമെന്ന് ആഗ്രഹിച്ചു. എന്നിട്ട് പെട്ടെന്ന് നടക്കില്ല എന്നറിഞ്ഞപ്പോ ഉള്ളിൽ ഒരു വിഷമം ഒരു മറുപടി തരാമോ പിന്നെ ശല്യം ചെയ്യില്ല ഞാൻ ഉറപ്പ് ‘

ആ മെസേജ് കൂടി വായിക്കവേ ഉള്ളിൽ ഒരു അസ്വസ്ഥത തോന്നി ശലഭയ്ക്ക്. ആദർശിന്റെ ആ വാക്കുകളിൽ ഒരു ആത്മാർത്ഥത കണ്ടു. അതുകൊണ്ട് തന്നെ മറുപടി കൊടുക്കാൻ തീരുമാനിച്ചു അവൾ.

” നോക്കു… നിങ്ങളാരാണെന്ന് എനിക്ക് അറിയില്ല അച്ഛൻ അങ്ങനൊരു പ്രൊപോസൽ പറഞ്ഞുവെങ്കിൽ അത് ഞാൻ അറിയാതെയാണ്. ഇപ്പോൾ മെന്റലി ഒരു വിവാഹത്തിന് ഞാൻ പ്രിപ്പേർഡ് അല്ല അത് കൊണ്ടാണ് തത്കാലം ഒന്നും വേണ്ട ന്ന് വച്ചത് അത് അറിഞ്ഞപ്പോ ആണ് അച്ഛൻ നിങ്ങളോട് നോ പറഞ്ഞതും.. സോ വിഷമം എന്തേലും തോന്നി എങ്കിൽ ക്ഷമിക്കു.. ”

വോയിസ്‌ മെസേജ് അയച്ചു നെറ്റ് ഓഫ്‌ ചെയ്ത് ഫോൺ കിടക്കയിലേക്ക് തന്നെയിട്ടു അവൾ. ആ ദിവസം അങ്ങിനെ കടന്നു പോയി. പിറ്റേന്ന് നോക്കുമ്പോൾ ആദർശിന്റെ വക ഒന്നിലധികം മെസേജുകൾ ഉണ്ടായിരുന്നു.
ആദ്യമൊരു മടുപ്പ് തോന്നിയെങ്കിലും മറുപടികൾ കൊടുക്കാതിരുന്നില്ല അവൾ…

ആ സംസാരങ്ങൾ നീളവേ പതിയെ പതിയെ ആ മടുപ്പ് അകന്ന് തുടങ്ങി. വിവാഹ ശേഷം പഴയ കാമുകനൊപ്പം ഇറങ്ങി പോയതാണ് ആദർശിന്റെ ഭാര്യ. എന്തുകൊണ്ടോ തങ്ങൾ രണ്ട് പേരും ഒരേ ദുഃഖം അനുഭവിക്കുന്നവർ ആണെന്ന് തോന്നി ശലഭയ്ക്ക്. ആ തോന്നൽ അവരെ കൂടുതൽ അടുപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴും ആദർശ് ശലഭയ്ക്ക് മെസേജുകൾ അയച്ചു ഒടുവിൽ ഒരു ദിവസം രണ്ടും കല്പ്പിച്ചു അവളെ വിളിച്ചു അവൻ. അന്നേ ദിവസം മറ്റൊരു വിവാഹം എന്ന ചിന്ത ശലഭയിലും തോന്നി തുടങ്ങി.

വൈകുന്നേരം ടീവി കണ്ടിരുന്ന ബാലചന്ദ്രനരികിലേക്ക് ചെന്നു അവൾ.

” അച്ഛാ.. അച്ഛൻ എനിക്കായി ഒരു വിവാഹലോചന നോക്കിയിരുന്നോ.. ഒരു ആദർശ്. ”

ആ ചോദ്യം കേട്ട് ആശ്ചര്യത്തോടെ അവളെ നോക്കി ബാലചന്ദ്രൻ.

” നോക്കി.. പക്ഷെ നിനക്ക് ഇപ്പോ വിവാഹം വേണ്ട എന്ന് പറഞ്ഞപ്പോ അത് വേണ്ട ന്ന് വച്ചു ഞാൻ . നീ എങ്ങിനെ അറിഞ്ഞു മോളെ.. ”

ആ സംസാരം കേട്ട് വന്ന ശ്രീദേവിയും ശലഭയെ തന്നെ നോക്കി നിന്നു.

” അത്.. ആ ആള് എനിക്ക് മെസേജ് ചെയ്തു. അച്ഛൻ കൊടുത്ത ബയോഡേറ്റയിൽ എന്റെ നമ്പർ ഉണ്ടായിരുന്നെന്ന്. എന്താണ് വിവാഹം വേണ്ട ന്ന് വച്ചതെന്ന് തിരക്കാൻ….പലപ്പോഴായി ഞങ്ങൾ സംസാരിച്ചു… ”

അത്രയും പറഞ്ഞു അവൾ നിർത്തുമ്പോൾ പതിയെ എഴുന്നേറ്റു ബാലചന്ദ്രൻ.

” എന്നിട്ട്.. ”

അയാൾ പ്രതീക്ഷയോടെ നോക്കുമ്പോൾ പതിയെ തല കുമ്പിട്ടു ശലഭ.

” അച്ഛൻ തെറ്റായി കാണരുത്. ഞാൻ ആദ്യമൊക്കെ മടിച്ചെങ്കിലും പിന്നീട് കുറച്ചധികം സംസാരിച്ചു. എന്തോ എന്നെ പോലെ തന്നെ വിഷമം അനുഭവിക്കുന്ന ഒരാളാണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ എനിക്ക് തോന്നുന്നു എന്നെ മനസിലാക്കി ഒരു നല്ല പങ്കാളി ആകാൻ ആൾക്ക് പറ്റുമെന്ന്.. അങ്ങിനെയെങ്കിൽ അച്ഛൻ അത് മുന്നോട്ട് കൊണ്ട് പോകുന്നതിൽ എനിക്ക് എതിർപ്പ് ഇല്ല. ”

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ശ്രീദേവിയെ നോക്കി ബാലചന്ദ്രൻ. അവരും അതെ അവസ്ഥയിൽ ആയിരുന്നു.

” മോളെ.. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല. അത് നന്നായി അവൻ നല്ല പയ്യനാ അച്ഛൻ അത്രത്തോളം അന്യോഷിച്ചു ഇഷ്ടപ്പെട്ടത് കൊണ്ടാ നിനക്ക് വേണ്ടി നോക്കിയേ.. എന്റെ മോളെ പൊന്ന് പോലെ നോക്കും അവൻ. ”

ഏറെ സന്തോഷവാനായിരുന്നു ബാലചന്ദ്രൻ.

” അങ്ങിനെയെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ അവരെ ഇവിടേക്ക് വിളിക്ക് ഒന്നും വച്ചു നീട്ടേണ്ട.. ഇവളുടെ മനസ് എപ്പോഴാ മാറുന്നെ ന്ന് അറില്ലലോ ”

കളിയാക്കി കൊണ്ടാണ് ശ്രീദേവി അത് പറഞ്ഞതെങ്കിലും ഏറെ സന്തോഷവതിയായിരുന്നു അവരും. അതോടെ പുഞ്ചിരിച്ചു കൊണ്ട് ശലഭ മുറിയിലേക്ക് പോയി. ഒരു പുതിയ ജീവിതം അവളും സ്വപ്നം കണ്ട് തുടങ്ങിയിരുന്നു.

സന്തോഷത്തോടെ ബാലചന്ദ്രൻ പതിയെ സെറ്റിയിലേക്കിരുന്നു

” നല്ല ബന്ധമാ ശ്രീദേവി ഇത്. നല്ല പയ്യനാ അവൻ. ഞാൻ നല്ലത് പോലെ അന്വേഷിച്ചു. ഇത് നടന്നാൽ ഇനിയുള്ള കാലം നമ്മുടെ മോള് സന്തോഷത്തോടെ ജീവിക്കും.. അതുകൊണ്ടാണ് മോള് നോ പറഞ്ഞപ്പോ അവളുടെ നമ്പർ അവന് കൊടുത്തിട്ട് വിളിക്കാൻ പറഞ്ഞത് ഞാൻ.. എന്തായാലും ആ ചെയ്തത് ഫലം കണ്ടു..”

ആ വാക്കുകൾ കേട്ട് ആശ്ചര്യത്തോടെ അയാളെ നോക്കി ശ്രീദേവി.

” ആഹാ.. അപ്പോ ഇതിനിടക്ക് ഇങ്ങനെയും ഒരു കളി നടന്നോ.. കൊള്ളാലോ മനുഷ്യാ നിങ്ങൾ… ”

ഒന്ന് പുഞ്ചിരിച്ചു ബാലചന്ദ്രൻ.

” നല്ലത് നടക്കാൻ ഇച്ചിരി കള്ളത്തരമൊക്കെ ആകാമെന്നെ.. ”

അയാളുടെ മറുപടി ശ്രീദേവിയെയും ചിരിപ്പിച്ചു.

” മോളറിയേണ്ട.. കല്യാണത്തിന് മുന്നേ തന്നെ അമ്മായി അപ്പനും മരുമോനും ഉഡായിപ്പുകൾ തുടങ്ങീന്ന് ”

അവരത് പറയുമ്പോൾ ഏറെ ആശ്വാസത്തോടെ സെറ്റിയിലേക്ക് വീണ്ടും തല ചായ്ച്ചു ബാലചന്ദ്രൻ എല്ലാം ശുഭമായി എന്ന സംതൃപ്തിയിൽ.

Share this on...