പരിചയമില്ലാത്ത നമ്പറിൽ നിന്നും വന്ന വീഡിയോ തുറന്ന് നോക്കിയാ ഭാര്യ ആ കാഴ്ച കണ്ട് ഞെട്ടി പോയി

in Story 0 views

(രചന: അംബിക ശിവശങ്കരൻ)

“ഹാപ്പി ടെൻത് വെഡിങ് ആനിവേഴ്സറി ഡിയേഴ്സ്..”

ഫാമിലി ഗ്രൂപ്പിൽ തുരുതുര മെസ്സേജുകൾ വന്നുകൊണ്ടിരുന്നു. തൊട്ടടുത്ത് കിടന്ന് ഹരിശങ്കർ അതിനെല്ലാം മറുപടി അയക്കുന്നുണ്ട്. “താങ്ക്സ്, താങ്ക്യൂ, താങ്ക്യൂ സൊ മച്ച്”എന്നിങ്ങനെ..പക്ഷേ തൊട്ടടുത്ത് കിടക്കുന്ന തന്നെ ഒന്ന് ചേർത്ത് പിടിക്കാനോ ഒരാശംസ പറയാനോ ഈ മനുഷ്യന് എന്താണ് തോന്നാത്തത് എന്ന് അവൾ അതിശയിച്ചു.” ഹരി നമുക്കൊന്ന് പുറത്തു പോയാലോ? ഇന്ന് നമ്മുടെ ആനിവേഴ്സറി അല്ലേ? ഡിന്നർ പുറത്തുനിന്ന് കഴിച്ചാലോ? ”

” അതെന്താ ഇന്നിവിടെ ഒന്നും ഉണ്ടാക്കിയില്ലേ? “അയാൾ പരുക്കനായ ശബ്ദത്തോടെ ചോദിച്ചു.

“ഉണ്ടാക്കിയിട്ടുണ്ട് അത് ഫ്രിഡ്ജിൽ എടുത്ത് വച്ച് നാളെ ഉപയോഗിക്കാം. നമ്മളൊന്ന് പുറത്തുപോയിട്ട് കുറേ ആയില്ലേ ഹരി…” അവൾ അത്രയേറെ ആഗ്രഹത്തോടെ പറഞ്ഞു.” രേഖ. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഫസ്റ്റ് ആനി വേഴ്സറി അല്ല ഇത്. പത്ത് വർഷം കഴിഞ്ഞു.എനിക്ക് ഇതൊരു നോർമൽ ഡേ മാത്രമാണ്. ഇനിയെങ്കിലും പ്രായത്തിനനുസരിച്ചുള്ള പക്വത കാണിക്ക്. ഇപ്പോഴും മധുവിധു ആണെന്നാണ് വിചാരം. ഞാൻ ഓഫീസിൽ നിന്ന് ജോലികഴിഞ്ഞ് എത്ര ടയേഡ് ആയാണ് വന്നിരിക്കുന്നത്.. ഇവിടെ വെറുതെ ഇരിക്കുന്ന നിനക്ക് അത് പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. ”അവൾ പിന്നെ ഒന്നും അതേപ്പറ്റി സംസാരിച്ചില്ല.

രാത്രിയിലെ ഭക്ഷണം കഴിച്ചു വന്നതും പിന്നെയും അയാൾ മണിക്കൂറുകളോളം തന്റെ ഫോണിൽ സമയം ചെലവഴിച്ചു.

” ഈ ഫ്ലാറ്റിലെ ഏകാന്തത തന്നെ അത്രത്തോളം ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. ആകെ ഈ വലിയ ഫ്ലാറ്റിൽ രണ്ട് ജീവനുകൾ മാത്രമാണ് ഉള്ളത് താനും ഹരിയും. ജോലികഴിഞ്ഞ് എത്തിയാലും തന്നോടൊപ്പം ചെലവഴിക്കാൻ ഹരി ഒരിക്കലും സമയം കണ്ടെത്തിയിരുന്നില്ല.

ഒരുപക്ഷേ ഒരു കുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ ഈ ഒറ്റപ്പെടലിൽ നിന്നും തനിക്ക് രക്ഷനേടാൻ കഴിയുമായിരുന്നു. അതും ഇല്ലാതാക്കിയത് ഹരി തന്നെയായിരുന്നു. ഭാര്യ എന്നാൽ വെറുമൊരു മാംസപിണ്ഡം മാത്രമായാണ് ഹരി കാണുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

ആദ്യ രാത്രിയിലെ പരാക്രമങ്ങൾ തന്നെ തനിക്കൊരു പേടിപ്പെടുത്തുന്ന ഓർമ്മയായിരുന്നു. എങ്കിലും താൻ ഹരിയെ സ്നേഹിച്ചു. പക്ഷേ കാമത്തിന്റേതല്ലാത്ത, സ്നേഹത്തിന്റെതായ ഒരു നോട്ടമോ സ്പർശനമോ ഒരിക്കൽപോലും ഹരിയിൽ നിന്നും ഉണ്ടായിരുന്നില്ല. ”

“വിവാഹം കഴിഞ്ഞ് രണ്ടാം മാസം തന്നെ ഒരു കുഞ്ഞ് തന്റെ ഉദരത്തിൽ പിറവി എടുത്തിരുന്നു. അത്രയേറെ സന്തോഷത്തോടെയാണ് ആ വിവരം പറയാനായി അന്ന് താൻ ഹരിയുടെ വരവും കാത്തിരുന്നത്. ഒരച്ഛനാകാൻ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ് തന്റെ ഭർത്താവിന്റെ കൈ വയറോട് ചേർത്തുവച്ചപ്പോൾ ഒരുതരം അസ്വസ്ഥതയാണ് ഹരിയുടെ മുഖത്ത് അന്ന് കണ്ടത്.

“ഛെ.. കല്യാണം കഴിഞ്ഞ് രണ്ടു മാസം തികഞ്ഞില്ല അപ്പോഴേക്കും… ഇനി എങ്ങനെയാണ് നാട്ടുകാരുടെ മുഖത്തു നോക്കുന്നത്?”

ഹരിയുടെ ആ പെരുമാറ്റരീതി കണ്ട് അന്ന് സത്യം പറഞ്ഞാൽ പകച്ചു പോയിരുന്നു. ചെയ്യരുത് എന്ന് കാലുപിടിച്ച് പറഞ്ഞിട്ടും തന്റെ കുഞ്ഞിനെ അബോർഷൻ ചെയ്തു കൊന്നു കളഞ്ഞതും ഹരിയുടെ ഒരൊറ്റ പിടിവാശി കാരണമാണ്.

പിന്നീടങ്ങോട്ട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴൊക്കെയും താൻ ഗർഭം ധരിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാം ഹരിയെടുത്തിരുന്നു.ഇന്നിപ്പോൾ പത്ത് വർഷം തികയുമ്പോഴും ഒരു കുഞ്ഞിന് വേണ്ടി അറിയാതെ മനസ്സ് കൊതിക്കുന്നുണ്ട്. ഒരച്ഛനാകാൻ കൊതി തോന്നാത്ത ഹരിയുടെ മനസ്സ് എത്ര കല്ലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ”

“ഹരി.. അപ്പുറത്തെ വീട്ടിലെ സിന്ധു ഇന്ന് എന്നോട് പുറത്തു പോകാൻ വരുന്നോ എന്ന് ചോദിച്ചു. ഒരു ബുക്സ് എക്സിബിഷൻ ഉണ്ട് എനിക്ക് അതിനോട് താല്പര്യം ഉള്ളതുകൊണ്ടാണ് സിന്ധു എന്നെയും വിളിച്ചത്.ഞാൻ ഹരിയോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു.ഞാൻ പൊയ്ക്കോട്ടെ?”

രാവിലെ ഓഫീസിലേക്ക് ഇറങ്ങാൻ നേരം രേഖ ഹരിയോട് ചോദിച്ചു.

“തന്നോട് ഞാൻ പലതവണ പറഞ്ഞിട്ടില്ലേ അടുത്ത ഫ്ലാറ്റിൽ ഉള്ളവരും ആയി സംസാരിക്കാൻ പോകരുത് എന്ന്. ഈ ഫ്ലാറ്റിനുള്ളിൽ തനിക്ക് എന്താ ഒരു കുറവ്? സൗകര്യങ്ങൾ കൂടി പോകുന്നതിന്റെ കുഴപ്പമാണ്.ഈ ഫ്ലാറ്റിനുള്ളിൽ ഇരുന്നുകൊണ്ട് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കാൻ അറിയില്ലേ? അതിന് പുറത്തുപോയി അഴിഞ്ഞാണം എന്ന് നിർബന്ധമുണ്ടോ?”

തന്റെ ഭർത്താവിന്റെ സംസാരരീതികൾ കേട്ട് അവൾക്ക് വല്ലാത്ത നിരാശ തോന്നി.

അയൽവാസികളോട് പോലും മിണ്ടാതെ ഈ ചുവരുകൾക്കുള്ളിൽ തന്നെ അടച്ചിടുന്നത് കൊണ്ട് എന്ത് സന്തോഷമാണ് അയാൾക്ക് ലഭിക്കുന്നത് എന്നുപോലും അവൾക്ക് മനസ്സിലായില്ല.

“ഞാനൊരു നോവൽ എഴുതി വച്ചിട്ടുണ്ട് ഹരി.. അത് ഒരു ബുക്ക് ആയി പബ്ലിഷ് ചെയ്യാൻ ആരെയെങ്കിലും കിട്ടുമോ എന്നറിയണം. സിന്ധുവിന് രണ്ടുമൂന്നു പേരെ പരിചയമുണ്ടെന്ന് പറഞ്ഞു. സിന്ധുവിന്റെ കൂടെ പോകുന്നത് ഇഷ്ടമല്ലെങ്കിൽ ഹരി വന്നാൽ മതി എന്റെ കൂടെ..”

“ഇത്തരം നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ഞാൻ എന്റെ ഒരു ഡേ കളയണം എന്നാണോ താൻ പറയുന്നത്? തനിച് അങ്ങ് പോയാൽ മതി. പിന്നെ… ഈ നൈബേർസിന്റെ കൂടെയുള്ള കറക്കം ഇനി മേലാൽ ശീലമാക്കരുത്.”

അവൾക്ക് വാണിംഗ് കൊടുത്ത ശേഷം അയാൾ അവിടെ നിന്ന് പോയപ്പോഴും തന്റെ ആഗ്രഹം സാധിക്കുമോ എന്നുള്ള ഒരു ആകാംക്ഷയിലായിരുന്നു അവൾ.

വൈകിട്ട് നാലുമണിയോടുകൂടിയാണ് അവൾ തിരികെ വീട് എത്തിയത്. എത്തുമ്പോൾ വളരെയധികം സന്തോഷം തോന്നിയിരുന്നു. സിന്ധുവിന്റെ ഉറപ്പിന്മേൽ ഒരു പബ്ലിഷേഴ്സ് തന്റെ നോവൽ പ്രസിദ്ധീകരിക്കാൻ സമ്മതം മൂളിയിരിക്കുന്നു. ഈ സന്തോഷവാർത്ത പറയാൻ തന്റെ ഭർത്താവ് വരുന്നതും കാത്ത് അവളിരുന്നു. പക്ഷേ വന്നു കയറിയ നേരം മുതൽ അയാൾ ഫോണിൽ തന്നെയായിരുന്നു.

എങ്കിലും എപ്പോഴെങ്കിലും പോയ കാര്യത്തെപ്പറ്റി അയാൾ തന്നോട് ചോദിക്കുമെന്ന് തന്നെ അവൾ വിശ്വസിച്ചു. പക്ഷേ അതേപ്പറ്റി അയാൾ അന്വേഷിച്ചില്ല എന്ന് മാത്രമല്ല അവൾ പറഞ്ഞപ്പോൾ കേൾക്കാനും തയ്യാറായില്ല. ഇത്തരം അവഗണനങ്ങൾ ശീലമായി തുടങ്ങിയത് കൊണ്ട് തന്നെ അവൾക്ക് ദുഃഖം തോന്നിയില്ല.

അന്നൊരു ശനിയാഴ്ചയായിരുന്നു. തന്റെ പുസ്തകത്തിന്റെ രണ്ടുമൂന്നു കോപ്പികൾ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് അയക്കാൻ വേണ്ടി പാക്ക് ചെയ്തുകൊണ്ടിരിക്കവെയാണ് അവളുടെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്നും മെസ്സേജുകൾ വന്നുകൊണ്ടിരുന്നത്. അത് തുറന്നു നോക്കിയതും അവൾ ഒരു നിമിഷം നടുങ്ങി.

തന്റെ ഭർത്താവും മറ്റൊരു സ്ത്രീയുമായുള്ള കിടപ്പറ രംഗങ്ങൾ!.

ഒരു നിമിഷം അത് കണ്ടുനിൽക്കാൻ ആകാതെ അവൾ കണ്ണുകൾ ഇറുകിയടച്ചു. മൂന്നു വീഡിയോകളും മൂന്ന് ദിവസങ്ങളിൽ മൂന്ന് സ്ഥലങ്ങളിൽ വച്ചാണെന്ന് അവൾക്ക് മനസ്സിലായി. ഓഫീസ് ടൂർ എന്നൊക്കെ പറഞ്ഞ് അയാൾ ഇവിടെ നിന്ന് പോകുന്നതിന്റെ ഉദ്ദേശം ഇപ്പോഴാണ് മനസ്സിലാകുന്നത്. അവളുടെ ശരീരം കോപത്താൽ തിളച്ചു മറിഞ്ഞു.

“താൻ വഞ്ചിക്കപ്പെട്ടിരിക്കുന്നു.”

അവൾ വേഗം ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ പരിധിക്ക് പുറത്താണ് എന്നായിരുന്നു മറുപടി. അപ്പോൾ തന്നെ ആ നമ്പറിൽ നിന്നും ഒരു വോയിസ് മെസ്സേജ് വന്നു. അവൾ ഒട്ടും സമയം കളയാതെ തന്നെ അത് തുറന്നു നോക്കി.

“നിങ്ങളെപ്പോലെ തന്നെ ജീവിതത്തിൽ വഞ്ചിക്കപ്പെട്ട ഒരു വ്യക്തിയാണ് ഞാനും.ആ വീഡിയോകളിൽ നിങ്ങളുടെ ഭർത്താവിനോടൊപ്പം കാണുന്നത് എന്റെ ഭാര്യയെയാണ്. രണ്ടുപേരും അതി സമർത്ഥമായി നമ്മളെ പറ്റിച്ചു.

ഇവർ തമ്മിൽ വർഷങ്ങളായുള്ള ബന്ധമാണ്. കുറേ കഷ്ടപ്പെട്ടിട്ടാണ് എനിക്ക് ഇത് കണ്ടെത്താൻ സാധിച്ചത്. നിങ്ങൾ ഇനിയെങ്കിലും സത്യാവസ്ഥ മനസ്സിലാക്കണം eന്നുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് ഞാൻ ഇത് നിങ്ങൾക്ക് അയച്ചുതന്നത്. ഇനിയെങ്കിലും കരുതിയിരിക്കുക.”

ആ വോയിസ് മെസ്സേജ് കേട്ടതും അവൾക്ക് ശരീരം തളരുന്നത് പോലെ തോന്നി. എത്ര അവഗണന വേണമെങ്കിലും സഹിക്കാം പക്ഷേ വഞ്ചന എങ്ങനെയാണ് പൊറുക്കാൻ കഴിയുന്നത്?

അന്ന് അയാൾ ജോലി കഴിഞ്ഞു വന്നപ്പോൾ അവൾ ഒന്നും തന്നെ സംസാരിച്ചില്ല. ഭക്ഷണം കഴിക്കുമ്പോഴും അവൾ ഒന്നും മിണ്ടിയില്ല. ഭക്ഷണം കഴിച്ചു ബെഡിൽ വന്ന് ഇരുന്നതും അയാൾ മയങ്ങിപ്പോയി.

“നന്നായി ഉറങ്ങിക്കോ.. ഭക്ഷണത്തിൽ ഉറക്കഗുളിക പൊടിച്ച് തന്നത് അതിനുവേണ്ടി തന്നെയാണ്..” അവൾ വെറുപ്പോടെ അയാളെ നോക്കി.

പോക്കറ്റിൽ കിടന്ന അയാളുടെ ഫോൺ എടുത്ത് ഫിംഗർ വെച്ച് ലോക്ക് തുറന്നു അവൾ ചാറ്റുകളിലൂടെ കണ്ണോടിച്ചു.

‘My love.’ ആ പേരിൽ അവളുടെ കണ്ണുകളുടക്കി. ആ വീഡിയോയിൽ കണ്ട അതേ സ്ത്രീ തന്നെ.. ആ ചാറ്റുകൾ കണ്ടതും അവൾക്ക് അയാളോട് എന്തെന്നില്ലാത്ത അറപ്പ് തോന്നി. തന്റെ അടുത്ത് കിടന്നാണല്ലോ എന്നും അയാൾ അവൾക്ക് മെസ്സേജ് അയക്കുന്നത് എന്ന് അവൾ വേദനയോടെ ഓർത്തു.

പിറ്റേന്ന് രാവിലെ ചായ ആവശ്യപ്പെട്ടു കൊണ്ടാണ് അയാൾ അവളെ വിളിച്ചത്.

“രേഖ ചായ എവിടെ?”

അയാൾക്ക് നേരെ ചായക്കപ്പ് നീട്ടി അവൾ അവിടെ തന്നെയിരുന്നു.

“ഹരി..എനിക്കൊരു കാര്യം പറയാനുണ്ട്.”

“കഥയുടെയും നോവലിന്റെയും കാര്യമാണെങ്കിൽ എനിക്ക് കേൾക്കേണ്ട. അല്ലെങ്കിൽ തന്നെ നൂറ് പ്രശ്നങ്ങൾ വേറെയുണ്ട്.” അയാൾ നെറ്റി തടവി.

“അല്ലെങ്കിലും അത്തരം കാര്യങ്ങൾ ഒരിക്കൽ പോലും ഹരി കേൾക്കാൻ തയ്യാറായിട്ടില്ലല്ലോ പിന്നെന്തിനാണ് ഞാൻ വീണ്ടും വീണ്ടും പറയുന്നത്? ഇത് അതൊന്നുമല്ല.നമുക്ക് പിരിയാം എനിക്ക് ഡിവോഴ്സ് വേണം.” യാതൊരു മുഖവുരയും കൂടാതെ അവൾ പറഞ്ഞു.

കുടിച്ച ചായ ഒരു നിമിഷം തിരുപ്പിൽ പോയതും അയാൾ നിർത്താതെ ചുമച്ചു. ഇത്രനാളും ആവശ്യപ്പെടാത്ത കാര്യം എന്താണ് അവൾ ഇപ്പോൾ ആവശ്യപ്പെടുന്നത് എന്ന് അയാൾ ആശ്ചര്യത്തോടെ ചിന്തിച്ചു.

“ഡിവോഴ്സ്…?നീ എന്താണ് ഈ പറയുന്നത്? ഇതെന്താ കുട്ടിക്കളിയാണോ?അങ്ങനെ ഓടി ചെന്നാൽ കിട്ടുന്ന കാര്യമല്ല ഇതൊന്നും. അതിന് തക്കതായ കാരണങ്ങൾ ഒക്കെ വേണം. ഇവിടെ ഇപ്പോൾ അതിനുമാത്രം കാരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.”

“കാരണമുണ്ട് ഞാൻ ഒരാളെ സ്നേഹിക്കുന്നു. വർഷങ്ങളായി ഞങ്ങൾ തമ്മിൽ ബന്ധമുണ്ട്. ബന്ധമെന്ന് പറഞ്ഞാൽ എല്ലാം കൊണ്ടുമുള്ള ബന്ധം. എനിക്കിനി അയാൾ ഇല്ലാതെ പറ്റില്ല.”

അത് കേട്ടതും അയാൾ അമ്പരന്നു.

“ഛീ..ഇത്രയും വൃത്തികെട്ടവൾ ആണോ നീ? വേറൊരാളെയും മനസ്സിൽ ഇട്ടുകൊണ്ട് ആണല്ലേ നീ അപ്പോൾ ഇത്രനാളും എന്റെ കൂടെ കിടന്നത്? ഇങ്ങനെ എന്നെ ചതിക്കാൻ എങ്ങനെ തോന്നി നിനക്ക്? ഇപ്പോൾ ഇറങ്ങിക്കോണം എന്റെ വീട്ടിൽനിന്നും..”

അയാളുടെ ശബ്ദം ഉയർന്നതും അവൾ നിർത്താൻ കൈകൊണ്ട് കാണിച്ചു.

“എനിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കേട്ടപ്പോൾ ഹരി ഇത്രയൊക്കെ പറയണമെങ്കിൽ എല്ലാം നേരിൽ കണ്ട ഞാൻ എന്താണ് പറയേണ്ടത്?”

മൊബൈലിൽ തനിക്ക് നേരെ ഉയർത്തിപ്പിടിച്ച വീഡിയോകളും ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും കണ്ടതും അയാൾ ഒരു നിമിഷം ഞെട്ടിത്തരിച്ചു.

“ഇത്… ഇതെവിടുന്നാ..?”വിറച്ചുകൊണ്ട് അയാൾ ചോദിച്ചു.

“എന്നെപ്പോലെ തന്നെ വഞ്ചിക്കപ്പെട്ട ഒരാൾ അയച്ചുതന്നതാണ്.അവളുടെ ഭർത്താവ്.
കോടതിയിൽ വിവാഹമോചനം കിട്ടാൻ ഇത്രയും തെളിവ് പോരെ ഹരി?
സ്വന്തം പങ്കാളി കൂടെയുള്ളപ്പോൾ മറ്റൊരാളെ തേടിപ്പോകാൻ നിങ്ങളല്ല ഞാൻ.. എന്നെ നിങ്ങൾക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് തുറന്നു പറയാമായിരുന്നു.

സന്തോഷത്തോടെ തന്നെ ഞാൻ മാറി തന്നേനെ..എന്നിട്ട് മാന്യമായി അവളെ വിവാഹം കഴിച്ചിരുന്നെങ്കിൽ എത്രയോ അന്തസ്സ് ഉണ്ടായിരുന്നു ഇതിപ്പോ ഛെ… ഇത്രനാളും എല്ലാം സഹിച്ചത് നിങ്ങൾ ഒരിക്കലും എന്നെ ചതിക്കില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ടായിരുന്നു.

ഇനി എനിക്ക് അതിന്റെ ആവശ്യമില്ല. ഇനിയെങ്കിലും ഈ ബന്ധത്തിൽ നിന്ന് മുക്തയായി ഞാൻ എനിക്ക് വേണ്ടി ഒന്നു ജീവിക്കട്ടെ…പിന്നെ…ഈ ഫ്ലാറ്റിന്റെ പകുതി ഷെയർ എന്റേത് കൂടിയാണ് അവളെയും കൊണ്ടുവന്ന് അങ്ങനെ ഇപ്പോൾ ഇവിടെ സുഖിക്കാം എന്ന് ഹരി കരുതേണ്ട.അപ്പോൾ ഇനി കോടതിയിൽ വച്ച് കാണാം.”

അയാൾ കെട്ടിയ താലിയും പൊട്ടിച്ചെറിഞ്ഞ് അവിടെനിന്ന് ഇറങ്ങുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആത്മാഭിമാനം തോന്നി. തന്റെ തെറ്റുകൾ ന്യായീകരിക്കാൻ പോലും ആകാതെ അയാൾ അവിടെ നിന്ന് ഉരുകുമ്പോൾ വൈകിയാണെങ്കിലും അവൾ തന്റേതായ ഒരു ലോകത്തേക്ക് ചുവടുകൾ എടുത്ത് വച്ചു.

Share this on...