നാട്ടുകാർ മുഴുവൻ അമ്മയെ വൃദ്ധസദനത്തിലാക്കിയതിനു അയാളെ തെറിവിളിച്ചു പക്ഷെ സത്യമറിഞ്ഞവർ കരഞ്ഞു പോയി

in Story 0 views

കെട്ടിയോളുടെ വാക്കും കേട്ട് സ്വന്തം അമ്മയെ ഉപേക്ഷിച്ച നാറി …. നീയാണോ എന്നെ മര്യാദ പഠിപ്പിക്കാൻ വരുന്നത് “സുധാകരൻ നല്ല ദേഷ്യത്തിലാണ്. അവന്റെ കോഴിക്കടയിൽ നിന്നുള്ള മാലിന്യങ്ങൾ വീടിന് മുറ്റത്ത് നിക്ഷേപിക്കരുതെന്ന് പറഞ്ഞതിന്റെ പേരിലാണ് ഈ പുകില് മൊത്തം.

അയൽവാസികളും നാട്ടുകാരും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയും അവിടെ നിന്നാൽ ഉള്ള മാനം കൂടി പോകുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മറുത്തൊന്നും പറയാതെ വീട്ടിലേക്ക് കയറി ചെന്നു.

“ദേ… മനുഷ്യാ… നിങ്ങൾ ആ സുധാകരനെ മര്യാദ പഠിപ്പിക്കാൻ പോയിട്ടെന്തിനാ പട്ടി ചന്തക്ക് പോയപോലെ തിരിച്ചു വരുന്നത്… അവനെ പേടിച്ചിട്ടാണോ ???”

“പേടിച്ചിട്ടൊന്നുമല്ല…. അവൻ ഒന്നെടുത്താൽ രണ്ടാമത്തേതിന് അമ്മയുടെ കാര്യം എടുത്തിടും… ഞാനെന്ത് മറുപടി പറയും… നീ തന്നെ പറ”

ഞാൻ അവളുടെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കിയതും അവളൽപ്പം ഈർഷ്യതയോടെ അടുക്കളയിലേക്ക് നടന്നു.

വിവാഹം കഴിഞ്ഞതിന്റെ നാലാം ദിവസം മുതൽ തുടങ്ങിയതാണ്‌ അവളും അമ്മയും തമ്മിലുള്ള വഴക്ക്. ഒരിക്കൽ സാമ്പാറുണ്ടാക്കുന്നതിനിടെ തവിയിൽ അൽപമെടുത്ത് വായിലേക്ക് ഒഴിച്ച് സ്വാദ് നോക്കുന്നതിനിടെ, അതുവരെ പട്ടുമെത്തയിൽ കിടന്ന് മനോരാജ്യം വായിച്ചുകൊണ്ടിരുന്ന അവളെങ്ങോട്ട് കടന്നു വന്നു. അമ്മയ്ക്ക് തീരെ വൃത്തിപോരാ, അമ്മയുടെ വായിലെ ബാക്റ്റീരിയ മൊത്തം തവിയിലാക്കി കലത്തിലിട്ടിളക്കിയാൽ ബാക്കിയുള്ളവർക്ക് കൂടെ രോഗം പകരില്ലേ എന്നായി അവൾ.

പാവം അമ്മ, തിരിച്ചൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്കുക മാത്രമാണപ്പോൾ ചെയ്തത്.

നിസ്സാര കാര്യങ്ങൾ പറഞ്ഞ് അവൾ അമ്മയെ ശകാരിക്കുന്നത് പതിവായപ്പോൾ ഞാനും അവളും തമ്മിൽ വഴക്ക് കൂടുന്നതും പതിവായി. ഒരിക്കൽ അവൾ അമ്മയുടെ നേരെ ചൂലുമായി തല്ലാൻ ചെന്നപ്പോൾ മുഖമടച്ചൊന്ന് പൊട്ടിക്കേണ്ടി വന്നെനിക്ക്. അതോടെ അവൾ അവളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയി. ഞാനും അമ്മയും വീണ്ടും ആ വീട്ടിൽ ഒറ്റക്കായി. അതിന് ശേഷം ഞാനവളെ ഒരിക്കൽപോലും വീട്ടിലേക്ക് വിളിക്കാൻ കൂട്ടാക്കിയില്ല.

അവൾ പിണങ്ങി പോയതിന്റെ രണ്ടാം മാസം അവളുടെ അമ്മ എന്റെ ഫോണിലേക്ക് വിളിച്ചു. അവൾക്കിപ്പോൾ വിശേഷമുണ്ടെന്നും കഴിഞ്ഞതെല്ലാം മറന്ന് അവളെ കൂട്ടിക്കൊണ്ടുപോകണമെന്നും അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു. എന്റെ സന്തോഷത്തെ ഞാൻ എന്റെ അമ്മയിലേക്കും കൂടി പകർന്നു നൽകിയപ്പോൾ ആ കണ്ണുകളിൽ ആനന്ദാശ്രൂ നിറയുന്നത് ഞാൻ അറിഞ്ഞു.

അവൾക്കിപ്പോൾ നിന്റെ സാന്നിധ്യം ആവശ്യമാണെന്നും, നീ അവളെ ഉടനെത്തന്നെ കൂട്ടികൊണ്ടു വരണമെന്നും അമ്മ എന്നോട് പറയുന്നതോടൊപ്പം തന്നെ അമ്മ മറ്റൊരു ആവശ്യം കൂടെ മുന്നോട്ടുവെച്ചിരുന്നു. അമ്മയുടെ സാന്നിധ്യം അവളുടെ മനസ്സിനെ അലോസരപ്പെടുത്താൻ സാധ്യത ഉള്ളതുകൊണ്ട് ഞാൻ അമ്മയെ തൊട്ടടുത്തുള്ള വൃദ്ധ സദനത്തിൽ ഏൽപ്പിക്കണമെന്നായിരുന്നു അത്.

അമ്മയുടെ ആ ആവശ്യത്തെ ഞാൻ തുടക്കത്തിൽ തന്നെ ശക്തമായി എതിർത്തിരുന്നു. പക്ഷേ, തന്റെ ആവശ്യം നിറവേറ്റും വരെ ഉണ്ണാവ്രതമിരിക്കാൻ തയ്യാറെടുത്ത എന്റെ അമ്മയുടെ വാശിക്ക് മുന്നിൽ ഈ പ്രിയപ്പെട്ട മകന് തോറ്റുകൊടുക്കേണ്ടി വന്നു. ഒടുവിൽ, അമ്മയില്ലാത്ത, അമ്മയുടെ ഓർമ്മകൾപോലും അവശേഷിക്കാത്ത എന്റെ വീട്ടിലേക്ക് അവൾ വീണ്ടും വലതു കാൽവച്ചു കയറി വന്നു.

പോയതിനേക്കാൾ വാശിയോടെയായിരുന്നു അവളുടെ മടങ്ങി വരവും. അതുകൊണ്ട് തന്നെ അമ്മ എവിടെപ്പോയെന്നോ, എന്ന് തിരിച്ചുവരുമെന്നോ ഈ കാലത്തിനിടക്ക് ഒരിക്കൽപോലും അവളെന്നോട് ചോദിച്ചിട്ടില്ല. ഇതിനിടയിൽ കണ്ണൻ ജനിച്ചു, അവന് വയസ്സ് മൂന്നായി. അവനൊരിക്കൽപോലും അവന്റെ മുത്തശ്ശിയെ കാണാൻ വാശിപിടിച്ചു കരയുന്നത് ഞാൻ കണ്ടിട്ടില്ല. അങ്ങനെയൊരു വ്യക്തി ജീവിച്ചിരിപ്പുണ്ടോ എന്ന്പോലും എന്റെ മകനറിഞ്ഞൂടാ.

ഓരോന്ന് ആലോചിച്ചുകൊണ്ട് ഞാൻ ഉമ്മറത്തേക്ക് നടന്നു. ചാരു കസേരയിൽ ഇരുന്ന് പത്രം നിവർത്തി, വയിക്കാൻ തുടങ്ങുന്നതിനിടയിലാണ് അവളെന്റെ പിറകിൽ വന്നു നിന്നത്.

“അതേയ്…. പിന്നെ.. . ???”

“നീ മടിക്കാതെ കാര്യം പറ…. ”

“കണ്ണനെ എന്റെ അനിയത്തി ഗീത ഇന്ന് രാവിലെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയതാണ്…. വൈകിട്ട് കൊണ്ടുവരാമെന്നാണ് പറഞ്ഞിരുന്നത്… പക്ഷേ, എനിക്കിപ്പോൾ തന്നെ ഇരിപ്പുറക്കുന്നില്ല…. നിങ്ങളിപ്പോൾ തന്നെ അവളെ വിളിച്ച് എന്തെങ്കിലും കാരണം പറഞ്ഞ് കൂട്ടിക്കൊണ്ട് വരുമോ ???”

“അതുകൊള്ളാം…. നിനക്കങ്ങനത്തെ ഫീലിങ്സൊക്കെ അറിയുമോ?… വെറും രണ്ട്‌ മണിക്കൂർ അവനെ കാണാതിരുന്നപ്പോഴേക്കും നിനക്ക് ഒരു സമാധാനവുമില്ലല്ലേ… എന്നാൽ എന്നെ ഇത്രയും വളർത്തി വലുതാക്കിയ എന്റെ അമ്മയ്ക്ക് എന്തോരം സങ്കടം കാണും..അത് നീ ഓർത്തിട്ടുണ്ടോ ”

അവളൊരിക്കൽപോലും അങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല.

ഒടുവിൽ അൽപ്പസമയത്തെ മൗനത്തിനു വിരാമമിട്ടുകൊണ്ട് മടിച്ച് മടിച്ച് അവൾ ആ കാര്യം ചോദിച്ചു.

“നമ്മുടെ അമ്മയിപ്പോൾ എവിടെയാണ്…. എന്താ ഇങ്ങോട്ട് കൊണ്ട് വരാത്തത് ??”

എന്റെ കേൾവിയെ വിശ്വസിക്കാനാകാതെ ഞാൻ അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. അവളെന്റെ മുഖത്തേക്ക് നോക്കാനാകാതെ വിളറി വെളുക്കുകയായിരുന്നു അപ്പോൾ.

മൂന്ന് വർഷങ്ങൾക്കിപ്പുറം ഇന്നാദ്യമായി അവൾ എന്റെ അമ്മയെ അന്വേഷിച്ചിരിക്കുന്നു. ഇക്കാലമത്രയും ഞാൻ ക്ഷമയോടെ കാത്തിരുന്നത് ഈ നിമിഷത്തിന് വേണ്ടിയായിരുന്നു.

എന്റെ ശരീരം ആവേശത്താൽ വിറച്ചു, ഹൃദയമിടിപ്പ് കൂടി, രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു.

“അമ്മയോ…. ആരുടെ അമ്മ…. എന്റെ അമ്മയാണെങ്കിൽ ഇനി വരില്ല… കാരണം അവരിപ്പോൾ ജീവിച്ചിരിപ്പില്ല…. ”

അവൾ ഞെട്ടിത്തരിച്ച് എന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ വെട്ടിത്തിളങ്ങുന്നത്പോലെ എനിക്ക് തോന്നി

“അതെ…. കണ്ണനെ നീ പ്രസവിച്ച അതേ ദിവസം…. നിന്നെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോയതിന് ശേഷം സെക്കൻഡുകൾക്കുള്ളിൽ എനിക്ക് സിസ്റ്റർമാരുടെ കാൾ വന്നു… അമ്മയ്ക്ക് തീരെ സുഖമില്ലെന്നും, വേഗം അങ്ങോട്ട് ചെല്ലണമെന്നും,… ഞാൻ രായ്ക്ക് രാമാനം അവിടേക്ക് ഓടി…. പക്ഷേ, എന്റെ അമ്മയെ ജീവനോടെ കാണാൻ എനിക്ക് കഴിഞ്ഞില്ല….. ഞാൻ അവിടെ എത്തുന്നതിന് മുൻപേ….

സ്വന്തം അമ്മയോടുള്ള കടമകൾ തീർക്കാൻ സാധിക്കാതെ പോയതിന്റെ പശ്ചാത്താപത്തിൽ നിന്നാണ് ഞാൻ ആ സ്ഥാപനം തുടങ്ങിയത്… നീ കണ്ടുകാണും…. നഗരത്തിലെ ബസ് സ്റ്റാന്റിന് മുൻവശം “ശാരദ ” എന്നപേരിൽ ഒരു വൃദ്ധ സദനം… അത് എന്റെ മേൽനോട്ടത്തിൽ നടത്തുന്ന സ്ഥാപനമാണ്…. പല രാത്രികളിലും എനിക്ക് വരുന്ന ഫോൺ കാളുകൾ അറ്റൻഡ് ചെയ്തുകൊണ്ട് ഞാൻ പുറത്തേക്ക് പായുമ്പോൾ നീ ഉറക്കച്ചടവോടെ പറയാറില്ലേ… ഇയാളുടെ അമ്മയ്‌ക്കെന്താ സുഖമില്ലേ എന്ന്….

ശെരിയാ… അത് പക്ഷേ എന്നെ നൊന്തു പ്രസവിച്ച എന്റെ അമ്മയ്ക്കല്ല…. എന്നെപ്പോലെ ഏതോ നന്ദികെട്ടവൻ ഉപേക്ഷിച്ചു പോയ മറ്റൊരു അമ്മയ്ക്ക് വേണ്ടി…

സ്വന്തം അമ്മയ്ക്ക് മതിയായ സ്നേഹവും കരുതലും കൊടുക്കാൻ കഴിയാത്തതിന്റെ കടം വീട്ടാൻ ഞാൻ നൂറുകണക്കിന് അമ്മമാരെ പോറ്റുന്നു… അവരെ സ്നേഹിക്കുന്നു…. നീയോ ???”

ഞാൻ പറഞ്ഞു നിർത്തിയതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു. ഇക്കാലമത്രയും അവൾ എന്റെ അമ്മയോട് കാണിച്ച അനീതിക്ക് മധുര പ്രതികാരം വീട്ടാൻ കഴിഞ്ഞതുപോലെ എനിക്കപ്പോൾ തോന്നി.

ഞാൻ അടക്കാനാകാത്ത സംതൃപ്തിയോടെ വീണ്ടും ആ ചാരുകസേരയിലേക്ക് ശരീരം താഴ്ത്തി വെച്ചു.

ഗേറ്റിന് പുറത്ത് ഒരു ഓട്ടോ വന്ന ശബ്ദം കേട്ടതുകൊണ്ടാണ് ഞാൻ പതിയെ മുഖം ഉയർത്തിയത്. സുധാകരൻ ഒരു പെയിന്റ് പാത്രവും ബ്രഷുമായി ഓട്ടോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. പിന്നീട് അവൻ എന്റെ വീടിന്റെ മതിലിന് മുകളിലെന്തൊ വേഗതയിൽ എഴുതാൻ തുടങ്ങി.

കുറച്ചു സമയത്തിന് ശേഷം അവനവയെല്ലാം റോഡിനരികിലേക്ക് വലിച്ചെറിഞ്ഞ് വന്ന ഓട്ടോയിൽ തന്നെ തിരിച്ചുപോയി. ഞാൻ മതിലിനടുത്തേക്ക് ആകാംഷയോടെ നടന്നു. അവിടെ ചുവന്ന മഷിയിൽ ഇങ്ങനെ എഴുതിയിരുന്നു.

“കെട്ടിയോളെ വാക്കും കേട്ട് സ്വന്തം അമ്മയെ നടു റോഡിലേക്ക് വലിച്ചെറിഞ്ഞ ഈ നായിന്റെ മോൻ നമ്മുടെ നാടിനപമാനം ”

ആ അക്ഷരങ്ങൾ ഓരോന്നും എനിക്ക് നേരെ പല്ലിളിക്കുന്നത് പോലെ എനിക്കപ്പോൾ തോന്നി. ഞാൻ പോലുമറിയാതെ എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടരാൻ തുടങ്ങിയിരിക്കുന്നു. കാരണം, അവൻ അങ്ങനെ എഴുതിയതിൽ എവിടൊക്കെയോ ചില സത്യങ്ങളുണ്ടായിരുന്നു……

Share this on...