കല്യാണ തലേദിവസം ഉപ്പയുടെ ഫോണിലേക്ക് ഒരു കോൾ വന്നു; അത് എടുത്ത ഉപ്പ പൊട്ടിക്കരഞ്ഞു പോയി

in Story 0 views

“പതിനഞ്ച് പവൻ ഏകദേശം അഞ്ച്‌ ലക്ഷത്തിന്റെ അടുത്ത്.. ഇപ്പൊ ഒന്നര ലക്ഷം ബാക്കി കുറച്ച് കല്യാണം കഴിഞ്ഞ്.. പിന്നെയും ബാക്കി ഉള്ളത് മൂന്ന് മാസം കഴിഞ്ഞ് വീടും സ്ഥലവും വിറ്റിട്ട് തരും… അങ്ങിനെ അല്ലേ……. ?”
സ്വർണ്ണകടയിലെ മാനേജെറുടെ വാക്കുകളിലെ പരിഹാസത്തിന്റെ ധ്വനി തിരിച്ചറിഞ്ഞ ആലികുട്ടി പ്രതീക്ഷയോടെ തന്നെ കസേരയിൽ അയാളെ നോക്കി ഇരുന്നു. വേറെ വഴിയില്ല അയാൾക്ക്‌ മുൻപിൽ ഇവർ ഇങ്ങിനെ സമ്മതിക്കാതെ. ഈ ഒന്നര തന്നെ ഉണ്ടാക്കിയത് എത്ര ആളുകളുടെ മുൻപിൽ കൈ നീട്ടിയിട്ടാണെന്ന് ആലികുട്ടിക്ക് തന്നെ അറിയില്ല.

“ഇല്ല ഇക്കാ അതോന്നും നടക്കില്ല. അല്ലെങ്കിൽ തന്നെ മോശമാണ്‌ കച്ചവടം അതിന്റെ കൂടെ ഇത്രയും മാസം കടം നിൽക്കാൻ കഴിയില്ല. വേറെ എന്തെങ്കിലും വഴി നോക്കിക്കോ… ട്ടോ. ”
ഇനി അവിടെ ഇരുന്നാൽ കണ്ണ് നിറയുന്നത് എല്ലാവരും കാണും. ഇപ്പോൾ തന്നെ തുളുമ്പി നിൽക്കുന്നുണ്ട്. ആയിഷ ഒറ്റ മോളാണ്. ഇതുവരെ ഒരു ആഗ്രഹവും പറഞ്ഞിട്ടില്ല. കിഡ്‌നി വെട്ടി മുറിച്ചത് മുതൽ ഒന്നിൽ നിന്നും പല രോഗങ്ങളായി ഹോസ്പിറ്റൽ കയറിയറങ്ങി കടങ്ങളുമായി ജീവിക്കുന്ന വാപ്പയുടെ മുൻപിൽ അവളുടെ ആഗ്രഹങ്ങൾ അവൾ അടക്കി ഒതുക്കി ജീവിച്ചു.
കടയിൽ നിന്നും പുറത്തിറങ്ങി. ഇടത്തോട്ടും വലത്തോട്ടും റോഡ്. തലക്ക് മുകളിൽ സൂര്യൻ. ഈ പെരുവഴിൽ ഇനിയെങ്ങോട്ട് പോയാലായിരിക്കും പതിനഞ്ചു പവന്റെ വഴി തെളിഞ്ഞു കിട്ടുക.
മൂന്ന് സെന്റ് സഥലത്ത് ചെറിയ വീട്. പലരും വാങ്ങാൻ വന്ന് നോക്കുന്നുണ്ട് വഴിയുടെ പ്രശ്നം ഉള്ളുതുകൊണ്ടു ആർക്കും വേണ്ടാത്ത സ്ഥലത്തിന് ലോൺ പോലും കിട്ടില്ല. കിട്ടിയാൽ തന്നെ പലചരക്ക് കടയിൽ സാധങ്ങൾ എടുത്ത് കൊടുക്കുന്ന ജോലി കൊണ്ട് ലോൺ അടക്കാനും കഴിയില്ല. പള്ളി കമ്മിറ്റിയിൽ നിന്നും പിന്നെ നാട്ടിലെ ചില നല്ലവരായ ആളുകളുടെ സഹായമാണ് ഇപ്പൊ കൈയിൽ ഉള്ള ഒന്നര ലക്ഷം.

അഫസലിനു മോളേ ഇഷ്ടമായി. അവന് ദുബായിൽ മൊബൈൽ കടയാണ്. ഒന്നും ഇങ്ങോട്ട് ആവിശ്യപ്പെട്ടിട്ടില്ല. എങ്കിലും ഇത്രയും നല്ലൊരു വീട്ടിലേക്ക് അവളെ വെറും കയ്യോടെ എങ്ങിനെയാണ് കൈ പിടിച്ച് കൊടുക്കക. കല്യാണം ഉറപ്പിച്ചു അവൻ തിരിച്ചു പോകുന്നതിനു മുൻപ് ആയിഷാക്ക് ഒരു മൊബൈൽ കൊടുത്തിരുന്നു. ഏതു സമയത്തും അവിടെയും ഇവിടെയും ഇരുന്ന് ചെവിൽ മൊബൈൽ ചേർത്തു വെച്ച് പുഞ്ചിരിയോടെ ഇരിക്കുന്ന അവൾ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ടാകും. . അതിന്റെ ഇടയിൽ സ്വർണ്ണം, ഡ്രസ്സ്… പിന്നെ കല്യാണചെലവ് . ഇതൊക്കെ ഓർത്തിട്ട് ഉറക്കമില്ലാത്ത വാപ്പയും ഉമ്മയും.

“റോട്ടിൽ നിന്നും സ്വപ്‍നം കാണാതെ ഒന്ന് മാറി നിൽക്ക്… ചുമ്മാ മനുഷ്യനെ മെനക്കെടുത്തല്ലേ. ”
വണ്ടിയുടെ ഹോണടിയും ശകാരവും കേട്ടപ്പോളാണ് റോഡിന്റെ നടുക്ക് അന്തമില്ലാതെ നിൽക്കുന്നത് എന്നാ ബോധം ഉണ്ടായത്.

വീട്ടിൽ എത്തി ചോറ് തിന്ന് കിടക്കുന്ന നേരത്തും എങ്ങിനെയാണ് ഈ കടമ്പ കിടക്കുക എന്ന ചിന്തയാണ്. കോരി ചൊരിയുന്ന മഴയിൽ ചൂടിൽ എരിയുന്ന സ്വപ്നങ്ങൾ.
“എന്തായി പോയിട്ട്. അവർ സമ്മതിച്ചോ…. ?”
“ഇല്ല പാത്തു.. എനിക്ക് അറിയില്ലന്റെ റബ്ബേ എങ്ങിനെയാ എന്റെ മോളേ നിക്കാഹൊന്ന് നടത്തുകയെന്ന്. ”

“ഇങ്ങള് ബേജാറാവല്ലേ… അള്ളാഹു ഒരു വഴി കാണിക്കും…. ”
ഇനിയുള്ളത് രണ്ട് ആഴ്ച. അതിന്റെ ഉള്ളിൽ ഇതൊക്കെ നടക്കണം. കൂട്ടിയിട്ടു കൂടിയില്ലങ്കിൽ ആയിഷ തല കുനിച്ചു പോകേണ്ടി വരും പന്തലിലേക്ക്. അഫസലിന്റെ ഉമ്മാനോട് ഒരിക്കൽ പതിനഞ്ചു പവൻ ആയിഷ യുടെ മേൽ ഉണ്ടാകുമെന്നു പാത്തു പറഞ്ഞത് ആലികുട്ടിയും കേട്ടതാണ്. ഇനി അത്‌ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ…. മരണം വരെ സമാധാനം കിട്ടില്ല വാപ്പാക്ക്.
രാത്രികളിൽ ഉറക്കത്തെ ചിന്തകൾ ആട്ടി ഓടിച്ചു. ഇരുളിൽ എവിടെയോ ഇത്തിരി നേരത്തെ നിദ്ര പതുങ്ങി നിൽക്കുന്നുണ്ട്. അടുത്ത മുറിയിൽ നിന്നും ആയിഷ മൊബൈലിൽ സംസാരിക്കുന്നതു കേൾക്കുന്നുണ്ട്. അവളും ഉറങ്ങിട്ടില്ല.

“പാത്തു എന്റെ മോള് ഒരു ഇത്തിരി പൊന്നോ പുതിയൊരു ഡ്രെസ് പോലും ഇതുവരെ ആഗ്രഹം പറഞ്ഞിട്ടില്ല. ഇപ്പൊഴും അവള് സങ്കടം പറയില്ല. നമ്മുടെ അവസ്ഥ എന്റെ മോൾക്ക്‌ അറിയാം.. എങ്കിലും.. ”
“എന്റെ റബ്ബേ…. ഞങ്ങളെ സങ്കടത്തിലാക്കല്ലേ. ഈ വീടും സഥലവും വാങ്ങാനെങ്കിലും ഒരാൾ വന്നിരുന്നെങ്കിൽ… ”

വഴികളൊന്നും തെളിയാതെ രണ്ട് ദിവസം കൂടി കഴിഞ്ഞ് പോയി. കൊഴിഞ്ഞു വീഴുന്ന ദിവസങ്ങൾ ടെൻഷൻ കൂടിക്കൂടി വന്നു. ആരുടെ മുൻപിൽ പോയി കൈ നീട്ടിയാണെങ്കിലും നിക്കാഹ് നടത്തണം. അതിന്‌ വേണ്ടി തന്നെയാ പലരെയും പോയി കാണുന്നത്.
“ഉപ്പാ… ഉപ്പാക്ക് ആരോ വിളിക്കുന്നു. ”
ആയിഷാ മൊബൈലുമായി ഉപ്പാടെ അരികിൽ എത്തി. ആലികുട്ടി മൊബൈൽ വാങ്ങി ചെവിയിൽ വെച്ചു.
“അസ്സലാമുഅലൈക്കും ”

“വഅലൈക്കും സലാം ”
“ഇക്കാ… ഇക്കാടെ മോളുടെ കല്യാണത്തിന് ഉള്ള സ്വർണ്ണം ഡ്രെസ് മറ്റു എല്ലാ ചിലവും ഞാൻ നടത്തും.. നാളെ തന്നെ പോയി സ്വർണ്ണം വാങ്ങിക്കോ… കാശ് ഞാൻ തരാമെന്ന് കടയിൽ പറഞ്ഞിട്ടുണ്ട്. ”

സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ കണ്ണ് നിറയുന്നത്. ഇത്രയും വലിയൊരു സഹായം. തിരിച്ചു പ്രതീക്ഷിക്കാതെ. ആലി കുട്ടിയുടെ കൈ വിറച്ചു.
“മോന്റെ പേര് എന്താ….മോൻ….. മോനെ പടച്ചോൻ പറഞ്ഞ് വിട്ടതാണോ… ?”
“എന്റെ പേര് അൻസിൽ. ഇക്കാ കഴിഞ്ഞ ദിവസം സ്വർണ്ണകടയിൽ വന്ന സമയത്തു് ഞാനും ഉണ്ടായിരുന്നു അവിടെ. എന്തായാലും നാളെ തന്നെ സ്വർണ്ണം വാങ്ങിക്കോ… പടച്ചവൻ മോളേ നിക്കാഹ് ഭംഗി യാക്കി തരട്ടെ.. ”

മറുപടി പറയാൻ വാക്കുകൾ ഇല്ലാതെ ഒരു മൂളലിൽ ആലികുട്ടി ആ സംസാരം അവസാനിപ്പിച്ചു. നൂറ് വട്ടമെങ്കിലും അപ്പോൾ തന്നെ അല്ലാഹുവിനോട് നന്ദി പറഞ്ഞ് അൻസിന് വേണ്ടി പ്രാർത്ഥിച്ചു.
പിറ്റേന്ന് ആയിശയുമായി കടയിൽ പോയി സ്വർണ്ണം വാങ്ങി.
“ഇത്‌ ഒരു ലക്ഷത്തിന് മുകളിൽ ഉണ്ട്. ബാക്കി കാശ് നിങ്ങളെ ഏൽപ്പിക്കാൻ അൻസിൽ പറഞ്ഞിരുന്നു. ”

കടയിൽ നിന്നും കൊടുത്ത ബാക്കി കാശും വാങ്ങി പുറത്തിറങ്ങി.
കല്യാണത്തിനു പന്തൽ ഒരുങ്ങി. പട്ട് സാരിയും ആഭരങ്ങളും അണിഞ്ഞു തലയിൽ മുല്ലപൂ ചൂടി മൈലാഞ്ചി മൊഞ്ചോടെ ആയിഷ ഒരുങ്ങി. നിക്കാഹിനു ചെക്കനും കൂട്ടരും വന്നെത്തി.ബിരിയാണി ചെമ്പിന്റെ ദം പൊട്ടിച്ചപ്പോൾ ബിരിയാണിയുടെ മണം പന്തലിൽ പരന്നു. പന്തലിലും വീട്ടിലും കല്യാണത്തിന് വന്നവരെ സാക്ഷി നിർത്തി അഫ്സലിന്റെ കൈ പിടിച്ച് ആലികുട്ടി നിക്കാഹിന് തയ്യാറായി.
“എന്താണ് മഹർ ”

ഉസ്താത്തിന്റെ ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ ആലികുട്ടിയെ നോക്കി അഫ്സൽ
“എന്റെ മഹർ പതിനഞ്ച് പവൻ ”

“ബഷീർ എന്നാളുടെ മകൻ അഫ്സലിന് എന്റെ മകൾ ആയിഷയെ പതിനെഞ്ച് പവൻ മഹറിന് ഹലാലായ ഇണയായി തുണയായി നിക്കാഹ് ചെയ്തു കൊടുക്കുന്നു. ”
നിക്കാഹും പ്രാർത്ഥനയും കഴിയും വരെ ആലികുട്ടിയുടെ കണ്ണുകൾ അഫ്സലിന്റെ മുഖത്തായിയുന്നു.
നിക്കാഹ് കഴിഞ്ഞ് അഫ്സലിന്റെ കൂട്ടുകാരൻ സലാം പറഞ്ഞ് ആലി കുട്ടിയുടെ കൈ പിടിച്ചു .
“ഞാൻ അൻസിൽ. അഫ്സൽ പറഞ്ഞിട്ടാണ് ഞാൻ അന്ന്‌ വിളിച്ചത് കാശ് അവന്റെയാണ്. അന്ന്‌ കടയിൽ വന്നപ്പോ നിങ്ങളെ കണ്ണ് നിറയുന്നത് ഞാനും കണ്ടു. ഞാൻ അഫസലിനോട് കാര്യങ്ങൾ പറഞ്ഞു. നോക്കി വളർത്തി വലുതാക്കിയ മോളേ ഒരുത്തന്റെ കൈ പിടിച്ചു കൊടുക്കുമ്പോൾ കടം വാങ്ങി വീടും വിറ്റ് സ്ത്രീധനം കൊടുക്കുന്ന ഏർപ്പാട് ഇസ്ലാമിലില്ലാ ഇക്കാ. അവൻ ചെയ്തതാണ് ശരി. അവൻ ആൺ കുട്ടിയാണ്… ”

“അതെ മോനെ അവൻ ആൺ കുട്ടിയാണ്. ആൺ കുട്ടി ഇല്ലാത്ത എനിക്ക് പടച്ചവൻ തന്ന എന്റെ മോൻ.. ”
മഹർ കൊടുത്ത് ആലികുട്ടിയുടെ സങ്കടം തീർത്ത് അവൻ അവന്റെ ആയിഷയെ ജീവത്തിലേക്ക് കൈപിടിച്ചു…

“നവദമ്പതികളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.പെൺകുട്ടികളെ കെട്ടിക്കാൻ നെട്ടോട്ടം ഓടുന്ന മാതാപിതാക്കളുടെ കണ്ണീരും വിയർപ്പും ഉണ്ട് അവളുടെ ദേഹത്തു കാണുന്ന ഓരോ ഗ്രാം പൊന്നിലും.പേരിന് എന്തെങ്കിലും ഒരു മഹർ കൊടുക്കാതെ സ്ത്രീ ക്കുള്ള ധനം അവൾക്ക് കൊടുത്ത് അവളെ ഇണയാക്കണം.പണം വാങ്ങിയെല്ല കൊടുത്തുകൊണ്ടാവണം പെണ്ണിനെ സ്വന്തമാക്കേ ണ്ടത് . ”
ചടങ്ങിന് ശേഷം ഉസ്താദ് അവിടെ കൂടിയവരോട് പ്രസംഗത്തിലൂടെ ഉപദേശിച്ചു.
നവാസ് ആമണ്ടൂർ

Share this on...