അറബി വീട്ടിൽ ജോലി ചെയ്തയാളെ കാരണവും ഇല്ലാതെ നാട്ടിലേക്ക് പറഞ്ഞയച്ച് അറബി അവസാനം ചെയ്ത ട്വിസ്റ്റ്‌

in Story 0 views

നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു…“ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും…സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ..നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …”“എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വാർഗം പോലുള്ള ജീവിതം നഷ്ട്ടപ്പെടുമോ എന്നുള്ള ആശങ്കയായിരിക്കുമോ…

അല്ലേൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും.. ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മകളും ഉളളപ്പോൾ.. എന്നേ തന്നെ ആശ്രയിച്ചു ജീവിക്കേണ്ട ആവശ്യം…???”

“അതിനെല്ലാം,.. മക്കൾ ചെയ്യുന്നതിനെല്ലാം കണക് ഉണ്ടാവും..

എന്റേത് അങ്ങനെ അല്ലല്ലോ..

അങ്ങനെ ഒരു ഉത്തരമാണ് എന്റെ മുന്നിൽ തെളിഞ്ഞു വന്നത്…”

അങ്ങനെ പല പല വേവലാതികൾ ഈ രണ്ടു മൂന്നു ദിവസങ്ങൾക് ഇടയിൽ കേട്ടിരുന്നുവെങ്കിലും പ്രവാസ ജീവിതം എന്നോ മരവിപ്പിച്ചു കളഞ്ഞിരുന്ന എന്റെ മനസ്… ഇനി എല്ലാം അവസാനിപ്പിക്കാമെന്ന് തീരുമാനമെടുത്ത സ്ഥിതിക്ക് അതൊന്നും കേട്ട ഭാവം പോലും ഭാവിച്ചിരുന്നില്ല…

“ഒരൊറ്റ തീരുമാനം ആയിരുന്നു…

പക്ഷെ അതെന്റെ അല്ലായിരുന്നു എന്ന് മാത്രം … എന്റെ അറബിയുടെ തീരുമാനം ആയിരുന്നു…”

ഞാൻ ഗഫൂർ… ഗഫൂർക്ക ദോസ്തിലെ ഗഫൂർ അല്ല.. വെറും ഗഫൂർ…നാട്ടിൽ മലപ്പുറം കൊണ്ടോട്ടിക്കടുത്താണ് താമസം… ഭാര്യയും രണ്ടു പിള്ളേരും…നേരത്തെ പറഞ്ഞില്ലേ അവർ തന്നെ…

കുറച്ചു നേരത്തെ വിവാഹം കഴിഞ്ഞിരുന്നു.. നേരത്തെ എന്ന് പറഞ്ഞാൽ ഇപ്പൊ പിടിച്ചു അകത്തിടുമോ എന്നൊന്നും അറിയില്ല.. പതിനെട്ടു വയസ്സ് ആയോ എന്നൊന്നും ഓർമ്മയില്ല ഓൾക് അല്ലാട്ടോ.. എനിക്ക് പതിനെട്ടു.. അപ്പൊ ഓളെ വയസ്സ് ഇങ്ങള് ഊഹിച്ചെടുത്തോളൂ…. 😁😁

പാസ്പോർട്ടിൽ രണ്ടു മൂന്നു കൊല്ലത്തെ വ്യത്യാസം (വയസ് കയറ്റി ഇട്ടത് ) ഉള്ളത് കൊണ്ടു തന്നെ പതിനെട്ടാം വയസിൽ തന്നെ കടലും കടന്നു ജിദ്ദയിൽ എത്തി …

ഒരറബിയുടെ വീട്ടിൽ ഹൗസ് ഡ്രൈവർ ആയി… പത്തിരുപത്തി എട്ട് കൊല്ലം… സൗദിയിലെ തന്നെ അറിയപ്പെടുന്ന വജ്ര വ്യാഭാരിയായിരുന്നു അയാൾ.. മൂന്നാല് ഭാര്യമാരും അവരിൽ പത്തു പതിനഞ്ചു മക്കളും ഉണ്ടായിരുന്നു അയാൾക്… അയാളുടെ ആദ്യ ഭാര്യയുടെ വീട്ടിൽ ആയിരുന്നു എനിക്ക് ജോലി.. ആഴ്ചയിൽ നാല് ദിവസവും അർബാബ് ഈ വീട്ടിൽ തന്നെ ആയിരിക്കും.. മറ്റുള്ള ഭാര്യമാർക് ബാക്കിയുള്ള ദിവസങ്ങളിൽ ഓരോ ദിവസം മാത്രം…

സുഖമുള്ള ജോലി ആയത് കൊണ്ടും അന്നവിടെ കിട്ടുന്നതിൽ ഏറ്റവും ഉയർന്ന ശമ്പളം എന്റെ അർബാബ് തരുന്നത് കൊണ്ടും മറ്റൊരു ജോലി ശ്രമിച്ചിട്ടേ ഇല്ല.. അതിന്റെ ആവശ്യം ഇല്ലായിരുന്നു.. ടിപ്പ് ആയി തന്നെ അർബാബിന്റെ ഭാര്യയും മക്കളും നാട്ടിലേക് അയക്കാനും മാത്രം റിയാൽ തന്നിരുന്നു..

അറബാബ് മരണ പെട്ടപ്പോൾ ആദ്യ ഭാര്യ യിലെ മൂന്നാമത്തെ മകനായിരുന്നു ബിസിനസ് നോക്കി നടത്തുവാനുള്ള ചുമതല.. അങ്ങനെ എന്റെ മുതലാളി പിന്നെ അവനായി.. ഞാൻ വരുമ്പോൾ എന്റെ പ്രായം ആയത് കൊണ്ട് തന്നെ അവന് ഞാൻ ഒരു സുഹൃത്തിനെ പോലെ ആയിരുന്നു..

പക്ഷെ എല്ലാം പെട്ടന്നായിരുന്നു താളം മറഞ്ഞത്…

“എന്റെ വളയം പിടിക്കുന്ന കൈകളിൽ അവർക്ക് സുരക്ഷയില്ല എന്ന് തോന്നി തുടങ്ങിയിരുന്നു..

അവരെയും കുറ്റം പറയാൻ പറ്റില്ല.. ഒന്ന് രണ്ടു ദിവസങ്ങൾക് ഇടയിൽ തന്നെ മൂന്നു വട്ടം ഞാൻ ഓടിച്ചു കൊണ്ടിരുന്നു കാർ ആക്‌സിഡന്റ് ആയാൽ സ്വഭാവികമായും അർബാബിന്റെ ഭാര്യ യും മക്കളും എന്റെ അശ്രദ്ധയേ പഴി പറഞ്ഞു തുടങ്ങിയപ്പോൾ അർബാബ് തന്നെ ആയിരുന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്റെ കണ്ണ് ടെസ്റ്റ്‌ നടത്തിയത്..

കണ്ണിനൊരു മൂടൽ ഇടക്ക് വരുമായിരുന്നുവെങ്കിലും അതെന്റെ കണ്ണിന്റെ കാഴ്ച യേ തന്നെ ബാധിക്കുമാർ നാല്പത് സധമാനത്തിന്റെ മുകളിൽ പോകുമെന്ന് ഞാൻ സ്വാപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല..

അവിടെ തന്നെ ചികിത്സ ചെയ്യാനുള്ള സൗകര്യം ചെയ്യുമെന്ന് കരുതിയിരുന്ന എന്നെയും കൊണ്ടു അവൻ നേരെ പോയത് അടുത്തുള്ള ട്രാവെൽസിലേക് ആയിരുന്നു..

ഇപ്പൊ കയ്യിലെ മൊബൈലിൽ തന്നെ എക്സിറ്റ് അടിക്കുവാനുള്ള സൗകര്യം ഉള്ളത് കൊണ്ടു തന്നെ എക്സിറ്റ് അടിച്ചു.. ടിക്കറ്റ് നോക്കുവാനായി പറഞ്ഞു.. എന്റെ ദയനീയമായ നോട്ടത്തെ അവഗണിച്ചു കൊണ്ടു..

കണ്ണ് പോയാൽ പിന്നെ ഡ്രൈവർ എങ്ങനെ വണ്ടി ഓടിക്കും അല്ലേ.. ഓരോ അവയവവും ജീവിതത്തിൽ അത്രമേൽ പ്രധാന പെട്ടതാണെന്ന് എനിക്ക് അന്ന് മനസിലായി..

കൈ ഉണ്ടായിരുന്നവന് പെട്ടന്നൊരു ദിവസം അത് നഷ്ട്ടപെട്ടാലേ അതിന്റെ വില അറിയൂ എന്ന് പറയുന്നത് പോലെ എല്ലാം അങ്ങനെ തന്നെ ആയിരുന്നു…

“എന്റെ ഉള്ളിൽ ട്രാവൽസിൽ ഇരിക്കുമ്പോൾ ഒരു പുഞ്ചിരി വന്നു നിറഞ്ഞു..

പത്തിരുപത്തി എട്ടു കൊല്ലമായിട്ടുണ്ടാവും ഞാൻ ആ വീട്ടിൽ ഒരംഗത്തെ പോലെ ജീവിക്കാൻ തുടങ്ങിയിട്ട്..

അർബാബ് എനിക്കൊരു ഓഫർ തന്നിരുന്നു.. ഒരാഴ്ച സമയം കൊണ്ടു ഇവിടെ നിന്നും പോയാൽ മതി…അതിനിടയിൽ ഇവിടെ ചെയ്യാനുള്ളത് എല്ലാം ചെയ്തു തീർക്കാം…

ഉള്ളിൽ വന്ന ദേഷ്യമോ സങ്കടമോ അടക്കി നിർത്തി… ഒരാഴ്ച സമയം എന്നുള്ളത് പിന്നെയും ചുരുക്കി കൃത്യം നാലു ദിവസങ്ങൾക് ശേഷമുള്ള കോയിക്കോട്ടേക്കുള്ള ടിക്കറ്റ് എടുത്തു..”

എനിക്കിനീ ഇവിടെ ഇനി കാര്യമായി ജോലിയൊന്നും ഇല്ലായിരുന്നു…

അവസാനമായി രണ്ടു മൂന്നു കാര്യങ്ങൾ ചെയ്യാൻ അല്ലാതെ…

“ഇത് വരെ കൂടേ ഉണ്ടായിരുന്നവരെ കണ്ട് യാത്ര പറയണം.. അവരെ എല്ലാം അവസാനമായി കണ്ണ് നിറയെ കാണണം… അവരോട് എനിക്ക് പൊരുത്തം തേടണം.. ഞാൻ അറിഞ്ഞോ അറിയാതെയോ ചെയത തെറ്റുകളിൽ നിന്നും മോചനം ചോദിക്കണം… ഇനി ഒരിക്കലും അവരെയൊന്നും കണ്ടില്ലെങ്കിലോ…

അല്ല ഇനി അവർ എന്റെ മുന്നിൽ വന്നാൽ കാണാൻ സാധിക്കുമോ എന്ന് അറിയുകയില്ലല്ലോ… എന്റെ കണ്ണിലെ വെളിച്ചം അണഞ്ഞു കൊണ്ടിരിക്കുകയല്ലേ…”

റൂമിന് അടുത്തുള്ള ബാകാല (പലചരക്ക് ) ലും ബൂഫിയ യിലും ഉള്ളവരോട് യാത്ര പറഞ്ഞു… റൂമിന് തൊട്ടടുത്തുള്ള റൂമിൽ താമസിക്കുന്ന എന്നേ പോലുള്ള ഹൗസ് ഡ്രൈവർ മാരോടും.. അതിൽ പാകിസ്ഥാനികളും ബംഗാളികളും പല രാജ്യക്കാരും ഹിന്ദി ക്കാരും ഉണ്ടായിരുന്നു…

ഒരാളെ മാത്രം ആ സമയം കാണാൻ സാധിച്ചില്ല.. ഒരു ഇരുപത്തി രണ്ടു കാരനെ.. അവൻ വന്നിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളു.. അവനെ കാണുമ്പോൾ എല്ലാം ഞാൻ എന്റെ ചെറുപ്പം ഓർത്തു പോകാറുണ്ട്…

ചെറിയ ജീവിതം മറ്റുള്ളവർക് വേണ്ടി മെഴുകു തിരി പോലെ ഉരുക്കി കളയാനായി കടല് കടന്നവൻ..

ഇവിടെ ചെയ്യാനുള്ള രണ്ടാമത്തെ കാര്യം ചെയ്യാൻ പുറപ്പെടാൻ നിൽക്കുമ്പോൾ ആയിരുന്നു അവൻ ഓടി വന്നത്…

എന്നേ കണ്ടപ്പോൾ തന്നെ കെട്ടിപിടിച്ചു കരഞ്ഞു…

അവന്റെ കെട്ടിപിടിത്തത്തിൽ ഞാൻ എന്റെ മകനെ ഓർത്തു പോയി..അവനൊരിക്കലും മുതിർന്ന ശേഷം എന്നേ ചേർത്തു പിടിച്ചിട്ടില്ല.. ഞാൻ ആഗ്രഹിക്കുമ്പോൾ എല്ലാം മീൻ വഴുതി പോകുന്നത് പോലെ എന്നിൽ നിന്നും വഴുതി പോവുകയാണ് പതിവ്…

“ഇക്കാ…

ഇങ്ങളോട് ഞാൻ കുറെ ഏറെ തറു തല പറഞ്ഞിട്ടുണ്ട്…

ഇങ്ങളെ കുറെ ഏറെ കളിയാക്കിയിട്ടുമുണ്ട്..

80 ഇലെ വസന്തമെന്നും.. ലോകം തിരിയാത്ത കാക്ക എന്നൊക്കെ വിളിച്ചിട്ടുണ്ട്…

പക്ഷെ എന്തുണ്ടെലും…. ഇങ്ങളെ ഞാൻ എന്റെ ഉപ്പയുടെ സ്ഥാനത്തായിരുന്നു കണ്ടത്… ഞാൻ കാണുന്നതിന് മുമ്പ് മരണപെട്ടു പോയ എന്റെ പൊന്നുപ്പയുടെ സ്ഥാനത്…

എന്നിൽ നിന്നും വന്ന തെറ്റുകളെ ഇങ്ങള് പൊറുക്കണേ ഇക്കാ…”

അവൻ എന്നേ കെട്ടിപിടിച്ചു ഏങ്ങലോടെ പറയുന്നത് കേട്ടു എനിക്ക് തന്നെ സങ്കടം വന്നു കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി…

“സാരമില്ല.. മോനേ.. നി നാട്ടിലേക് വരുമ്പോൾ എന്നേ കാണാൻ വരണമെന്ന് പറഞ്ഞു അവനെ സമാധാന പെടുത്തി…”

“ഇവിടെ ഞങ്ങൾ എല്ലാവരും അങ്ങനെ ആയിരുന്നു.. അറുപതു വയസുള്ള കാക്കയും ഇരുപത്തി ഒന്ന് വയസുള്ള പൊടി മീശ മുള”ച്ച പയ്യനുമെല്ലാം സുഹൃത്തുക്കളെ പോലെ…”

അവനോടും യാത്ര പറഞ്ഞു ഇഹറാം (മക്കയിലേക് ഉംറക് പോകുന്നതിന് മുമ്പുള്ള ചടങ്ങ് ) കെട്ടി റൂമിൽ നിന്നും ഇറങ്ങി.. അവൻ മക്ക വരെ കൊണ്ടു പോയി തിരികെ കൊണ്ടു വരാമെന്ന് പറഞ്ഞെങ്കിലും ഇത് ചിലപ്പോൾ എന്റെ അവസാനത്തെ മക്ക സന്ദർശനമാകുമെന്ന് ആരോ ഉള്ളിൽ നിന്നും പറയുന്നത് കൊണ്ടു തന്നെ എനിക്കിത്തിരി ഏറെ സമയം വേണ്ടിയിരുന്നു…

ടാക്സിയിൽ മക്കയിലേക്കുള്ള യാത്രയിലും ഇവിടുത്തെ നല്ല നല്ല ഓർമ്മകൾ ആയിരുന്നു മനസ് നിറയെ… കണ്ണിൽ മക്കയുടെ ക്ലോക് ടവർ തെളിയുന്നത് വരെ…

ഒരുപാട് കിലോമീറ്റർ അപ്പുറത്ത് നിന്ന് തന്നെ ആ ഉയരം കൂടിയ കെട്ടിടം കാണാം.. ഞാൻ അതെല്ലാം കൺകുളിർക്കേ കണ്ടു… ഹറമിലേക്കു (മക്ക പള്ളി ) എത്തി..

ഈ ജീവിതത്തിൽ അവസാനത്തെ കാഴ്ച യല്ലേ.. എന്റെ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്നത് പോലെ…മാസത്തിൽ പല വട്ടം ഇവിടെ വന്നു പോകാറുണ്ടേലും ഇന്ന് സ്പെഷ്യൽ ടെ അല്ലേ…

ആദ്യമായി കഹ്‌ബ കാണാൻ വന്നത് പോലെ എന്റെ കണ്ണുകൾ പിടക്കുന്നത് പോലെ…ആ വലിയ പള്ളിക്കുള്ളിലെ ഓരോ തൂണുകളും കടന്നു എന്റെ മുന്നിൽ കഹ്‌ബ യുടെ മുകളിൽ കുപ്പായം പോലെ വിരിച്ച കറുത്ത പുടവ തെളിഞ്ഞു വരുവാനായി തുടങ്ങി…

ആദ്യം കണ്ടപ്പോൾ എന്റെ കണ്ണ്, കണ്ണുനീർ പൊഴിച്ചത് പോലെ.. വീണ്ടും കണ്ണ് നീർ തുള്ളികൾ പള്ളിയിലെ മാർബിൾ തറയിലേക് ഇറ്റി ഇറ്റി വീണു കൊണ്ടിരുന്നു…

അന്ന് ആദ്യമായി കണ്ടതിന്റെ സന്തോഷം ആയിരുന്നുവെങ്കിൽ ഇന്നത് അവസാനമായി കാണുന്നവന്റെ സങ്കടമായിരുന്നു…

ഉംറ ചെയ്തു… എന്നേ ഇനിയും ഇവിടെ കാണിക്കണേ എന്ന് ഉള്ള് ഉരുകി കരഞ്ഞു പ്രാർത്ഥിച്ചു….എനിക്ക് ചോദിക്കാനും പറയാനും ഉള്ളതെല്ലാം റബ്ബിനോട് പറഞ്ഞു മക്കയോട് ഞാൻ യാത്ര പറഞ്ഞു…

ഇനി രണ്ടു ദിവസം കൂടേ യുള്ളൂ… അവസാനമായി ഒരു കാര്യം കൂടേ ചെയ്തു തീർക്കാനായി ഉണ്ടായിരുന്നു.. എന്റെ ഹുബ്ബിയുടെ കൊട്ടാരം ഒന്ന് കാണണം.. ഞാൻ പോകുവാണെന്നു പറയണം.. ഒരു സലാം പറയണം… ഇനിയും എനിക്ക് ഇവിടെ കാല് കുത്താൻ എല്ലാം കാണാൻ നേരിട്ട് കണ്ടു സലാം ചെല്ലാൻ.. സ്വർഗ്ഗത്തിലെ പൂന്തോട്ടത്തിൽ ഇരിക്കാൻ… എല്ലാത്തിനും ഭാഗ്യം നൽകണേ എന്നൊരു പ്രാർത്ഥന യോടെ അവിടെ നിന്നും ഇറങ്ങി..

പിന്തിരിഞ്ഞു പിന്തിരിഞ്ഞു എന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാൻ ആ കൊട്ടാരം ഇടക്കിടെ നോക്കി കൊണ്ടിരുന്നു… ഇടക്ക് എന്റെ കാഴ്ച മൂടൽ വന്നു മറച്ചെങ്കിലും എന്റെ ഉള്ളിലേക്കു അത് ആഴത്തിൽ പതിഞ്ഞിരുന്നു…

റൂമിലേക്കു തിരികെ എത്തിയപ്പോൾ നാട്ടിലേക് കൊണ്ടു പോകാനായി ഒരു സാധനവും ഞാൻ വാങ്ങേണ്ടി വന്നിട്ടില്ലായിരുന്നു.. എല്ലാം രണ്ടു പെട്ടികളിൽ സെറ്റ് ആക്കി ഞാൻ മദീന യിൽ നിന്ന് വരുന്നതിന് മുമ്പേ കൂട്ടുകാർ ചെയ്തു വെച്ചിരുന്നു..

അവസാനം അവരെ യെല്ലാം ഒരു വട്ടം കൂടേ കണ്ടു അവിടെ നിന്നും ഇറങ്ങി.. എയർപോർട്ടിലേക് തിരിച്ചു…

**************

“ഇനി എന്ത്.. “

അത് തന്നെ ആയിരുന്നു കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ ഇരിക്കുന്ന സമയത്തു എന്റെ ഉള്ളിലും വന്നു നിറഞ്ഞത്…എന്റെ കണ്ണിന്റെ പ്രശ്നം ഞാൻ വീട്ടിലേക് വിളിച്ചപ്പോ പറഞ്ഞിരുന്നില്ല.. പത്തിരുപത്തിഎട്ടു കൊല്ലം ഒരു മാടിനെ പോലെ പേറിയിട്ട് നാട്ടിലേക് നിർത്തി പോരുമ്പോൾ അവരിൽ നിന്നും ഒരിക്കലും ആ വാക്കുകൾ ആയിരുന്നില്ല ഞാൻ പ്രതീക്ഷിച്ചത്.. എന്നോട് ഇത്തിരി കരുണ.. സാരമില്ല ഇക്ക.. നമുക്ക് ഇവിടെ എന്തേലും ചെയ്തു നോക്കാമെന്നോ.. നിങ്ങൾ ഇങ്ങോട്ട് പോരി ഞാൻ ഇല്ലേ ഇവിടെ എന്നെങ്കിലും അവർ പറഞ്ഞിരുന്നുവെങ്കിൽ എന്റെ മനസ് വെറുതെ ആശിച്ചു പോയി..

ഒന്നിന് മാത്രം പോന്ന മകൻ സ്വന്തമായി ഓട്ടോ ഏജൻസി നടത്തുന്നുണ്ട്.. അതിലൂടെ തന്നെ അവന് ലക്ഷങ്ങൾ മാസ വരുമാനം ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഒരു നയാ പൈസ ഞാൻ ഇത് വരെ വാങ്ങിയിട്ടില്ല.. ആ ഷോപ്പ് തുടങ്ങാനുള്ള പൈസ മുഴുവൻ എന്റെ ചോരയും നീരും ആയിരുന്നിട്ട് കൂടി..

ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യുന്ന മകൾക് പോലും ഞാൻ വിളിച്ചപ്പോൾ തിരക്കാണെന്നു പറഞ്ഞു വെച്ചു… ഉമ്മ പറഞ്ഞിട്ടുണ്ടാവും ഉപ്പ എല്ലാം കളഞ്ഞു വരുന്നുണ്ടെന്ന് …. അവളെ പഠിപ്പിക്കാനായി എടുത്ത ലോൺ പോലും മുഴവനായി വീട്ടാൻ കഴിഞ്ഞിട്ടില്ല …പഠിപ്പ് കഴിയുന്നതിന് മുമ്പ് തന്നെ കൂടേ പഠിക്കുന്നവനെ ഇഷ്ട്ടമാണെന്നും നിക്കാഹ് ചെയ്തു തരണമെന്നും പറഞ്ഞു കയറ് പൊട്ടിച്ചപ്പോൾ അതങ്ങു നടത്തി കൊടുത്തു..

എല്ലാവർക്കും ഓരോരോ ആവശ്യത്തിനുള്ള ഒരു റോബോർട്ട് മാത്രമായിരുന്നു ഞാൻ എന്ന് എനിക്കിപ്പോ മനസ്സിലാകുന്നുണ്ട്.. എന്റെ ദുഃഖം എന്റെ മാത്രം ദുഃഖമാണ്..

കോഴിക്കോട് എയർപോർട്ട് എത്താൻ ആയി എന്ന അന്നൗൺസ്‌മെന്റ് കേട്ടപ്പോൾ ആയിരുന്നു ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…

ആദ്യമായി എന്റെ നാട്ടിലേക് ഇറങ്ങാൻ എനിക്ക് പേടിയായി… എന്നേ എന്തോ ഭയം പിടിമുറുക്കുന്നത് പോലെ.. എന്റെ എല്ലാം നഷ്ടപെട്ടു പോയത് പോലെ…

ആരോ ചലിപ്പിക്കുന്ന പാവ പോലെ എമിഗ്രേഷനും സെക്യൂരിറ്റി ക്ലിയറൻസും കഴിഞ്ഞു എന്റെ പെട്ടി വരുന്നതും കാത്തു കൺവെയർ ബെൽറ്റിന് അരികിൽ ഞാൻ നിന്നും…

പെട്ടി വന്നു രണ്ടു പെട്ടിയും എടുത്തു നടക്കുന്നതിന് ഇടയിലാണ് ഒരു ഓഫീസർ എന്റെ അരികിലേക് വന്നത്.. അയാൾ എന്നെയും കൂട്ടി ഒരു റൂമിലേക്കു നടന്നു.. എന്റെ കയ്യിൽ ഉള്ള സാധനങ്ങളിൽ അവർക്ക് സംശയം ഉണ്ട് പോൽ.. പെട്ടി കൂട്ടുകാർ കെട്ടിയത് കൊണ്ടു തന്നെ അതിൽ എന്തെല്ലാം സാധനങ്ങൾ ഉണ്ടെന്ന് എനിക്കൊട്ടും അറിയുകയും ഇല്ലായിരുന്നു..

അവർ തന്നെ എന്റെ പെട്ടി പൊളിച്ചു ഒരു കവർ എടുത്തു… അതിന്റെ കൂടേ ഒരു ബില്ല് പോലെ ഒരു പേപ്പർ ഉണ്ടായിരുന്നു… അത് കണ്ടപ്പോൾ തന്നെ അവർ എന്റെ പെട്ടി ആദ്യത്തെ പോലെ കെട്ടി തന്നു പോകുവാനായി പറഞ്ഞു…

++++

പുറത്തേക് ഇറങ്ങിയപ്പോൾ എന്നേ കൊണ്ടു പോകാനെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചവരെ ആ ആൾക്കൂട്ടത്തിൽ മുഴുവൻ എന്റെ കണ്ണുകൾ പരതിയെങ്കിലും ആരെയും കണ്ടില്ല..

കഴിഞ്ഞ പ്രാവശ്യം വരെ ഓരോ കറുകളിലായി എല്ലാവരും വരാറുണ്ടായിരുന്നു…

ഓട്ടക്കാലണക്കു ഗതി ഇല്ലാത്തവനെ ആർക് വേണം…???

ചുറ്റിലും ഉള്ളവരുടെ എല്ലാം മുഖത് സന്തോഷം നിറഞ്ഞു തുളുമ്പുന്നുണ്ട്.. ഇവരുടെ എല്ലാം അവസാനത്തെ വരവിന് ഇത്ര സന്തോഷത്തോടെ കാണുവാൻ പറ്റുമോ…???

എന്റെ അനുഭവത്തിൽ കാണുവാൻ പറ്റില്ല എന്ന് തന്നെ ആയിരിക്കും ഉത്തരം..

അടുത്തുള്ള കൌണ്ടറിൽ പോയി ടാക്സി ബുക്ക്‌ ചെയ്തു…

അടുത്തുള്ള ഓട്ടം ആയത് കൊണ്ടു ടാക്സി കാരനും ഒരു വിമ്മിഷ്ടം.. പാവം കുറെ ദൂരേക് പ്രതീക്ഷിച്ചു നിന്നതാണെന് തോന്നുന്നു..

നാടിനൊക്കെ ഒരുപാട് മാറ്റം വന്നിരിക്കുന്നു.. ഒരു പാട് സ്ഥാപനങ്ങളും കടകളും റോഡിനു വശങ്ങളിൽ ഉയർന്നു പൊങ്ങിയിട്ടുണ്ട്.. കൂടുതലും ഹോട്ടലുകൾ തന്നെ.. അതും എല്ലാം അറേബ്യൻ വിഭവങ്ങൾ…

റോഡിനു മാത്രം ഒരു മാറ്റവും ഇല്ല.. വീതിയെല്ലാം പഴയത്തിലും കുറഞ്ഞത് പോലെ തോന്നുന്നു…

വീട്ടിലേക് എത്തിയപ്പോൾ വൈകുന്നേരമായിരുന്നു.. ഗേറ്റ് അടിച്ചു വെച്ചത് തുറന്നു ഉള്ളിലേക്കു കയറി പെട്ടി കോലായിലേക്ക് അടുക്കി വെച്ചു…

ടാക്സി കാരന് ബില്ലിൽ ഉള്ളതിലും കൂടുതൽ കൊടുത്തു പറഞ്ഞു വിട്ടു.. അവനെങ്കിലും എന്റെ വരവ് സന്തോഷം നൽകട്ടെ…

വീട്ടിലേക് കടന്നു…ബെല്ലടിക്കുവാനായി തുടങ്ങി..

അഞ്ചാറു വട്ടം അടിച്ചെങ്കിലും ആരും വാതിൽ തുറക്കുന്നില്ല… ആരും ഇല്ലാത്തത് പോലെ…

എയർപോർട്ടിലേക് കൊണ്ടു വരാൻ ആരും ഇല്ലാത്തതിലുള്ള ദേഷ്യവും വീട്ടിലേക് എത്തിയപോയുള്ള അവസ്ഥയും മനസ് മടുപ്പിച്ചു ഞാൻ എന്റെ ഫോൺ എടുത്തു ഭാര്യ യുടെ ഫോണിലേക്കു വിളിച്ചു…

ഒന്ന് രണ്ടു ബെല്ലടിക്ക് ശേഷം അവൾ ഫോൺ എടുത്തു..

ഞാൻ എവിടെ ആണെന്ന് ചോദിച്ചപ്പോൾ അവൾ പറയുകയാണ് അവളുടെ മകന്റെ വീട്ടിൽ ആണെന്ന്… മകന്റെ വീട്ടിലോ.. അങ്ങനെ ഒരു വീട് എടുക്കുന്നതോ.. സ്ഥലം വാങ്ങിയത് പോലും ഞാൻ അറിഞ്ഞിരുന്നില്ല.. ഏതായാലും പോകുമ്പോൾ ഒരു സഹായം അവൾ ചെയ്തിരുന്നു വീടിന്റെ ചാവി എനിക്ക് എടുക്കാൻ പറ്റുന്ന സ്ഥലത്ത് വെച്ചിട്ടുണ്ടായിരുന്നു…

പടച്ചോന് സ്തുതി… വീട് എന്റെ പേരിൽ തന്നെ ആയത് നന്നായി.. അല്ലേൽ പല പ്രവാസികളെ യും പോലെ റോഡിലോ കട തിണ്ണയിലോ കിടക്കേണ്ടി വന്നേനെ…

വന്നിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഓളോ മക്കളോ ഈ വഴി ഇത് വരെ വന്നിട്ടില്ല.. ഫോൺ വിളിക്കുമ്പോ എല്ലാം അവിടെ ആണെന്ന് മാത്രം പറഞ്ഞു ഫോൺ വെക്കും.. അവസാനം അവളോട് വരുന്നില്ലേ എന്ന് ചോദിച്ചു.. ഇല്ല എന്നുള്ള മറുപടിയായിരുന്നു കിട്ടിയത് …

പൂർണ്ണമായും ഉപേക്ഷിച്ചെന്ന പോലെ ആയിരുന്നു അവളുടെ സംസാരം.. മക്കളാണെൽ ഫോൺ എടുക്കാറേ ഇല്ല…

അവരും ഉപേക്ഷിച്ച മട്ടായിരുന്നു..

തളർന്നു പോകുവാൻ പറ്റുമോ.. ജീവനുള്ള കാലം ജീവിക്കണ്ടേ…

കണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനായി ആദ്യം കണ്ണാശുപത്രിയിൽ പോയി അവിടെ ചെന്നപ്പോൾ അതിനേക്കാൾ രസമായിരുന്നു…

എന്റെ കണ്ണിന് യാതൊരു പ്രശ്നവും ഇല്ല.. മൂടൽ വരുന്നത് ഒരു അസുഖമുണ്ടായിട്ടൊന്നുമല്ല… കണ്ണ് പെർഫെക്റ്റ്ലി ആൾ റേറ്റ് ആണ്.. കണ്ണിലേക്കു വരുന്ന ചെറിയ ഒരു ഞെരമ്പിൽ ഒരു തടിപ്പ് ഉണ്ട് അതൊന്ന് മരുന്നു കുടിച്ചാൽ മാറുമോ എന്ന് നോക്കാമെന്ന് ഡോക്ടർ പറഞ്ഞു…

ആശ്വാസമാകാൻ ഡോക്കറ്ററുടെ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു …

വലിയൊരു പരീക്ഷണം റബ്ബ് എളുപ്പമാക്കി തന്നു.. ഞാൻ റബ്ബിനെ കുറെ വട്ടം സ്തുതിച്ചു..

ഞാൻ ആ വീട്ടിൽ ഒറ്റക് തന്നെ താമസിച്ചു.. അതിനിടയിൽ എന്റെ ഒരുപാട് ഫ്രണ്ട്സ് എന്നേ കാണാൻ വന്നു കൊണ്ടിരുന്നു.. അവരൊക്കെ എന്നേ ഒരുപാട് സ്നേഹിക്കുന്നവരും പരിഗണിക്കുന്നവരും ആയിരുന്നു.. ലീവിന് വരുമ്പോൾ ഓരോരുത്തരും വന്നു പോയി കൊണ്ടിരുന്നു… അവരുടെ എല്ലാം സ്നേഹ സമ്മാനം പോലെ ഓരോ സമ്മാനങ്ങളും കൊണ്ടു വന്നിരുന്നു…

മാസങ്ങൾ രണ്ടു മൂന്നെണ്ണം പെട്ടന്ന് കഴിഞ്ഞു.. അതിനിടയിലാണ് മകന്റെ ബിസിനസ് ഒറ്റയടിക്ക് തകർന്നു തരിപ്പണമായത്.. കൊണ്ടു വന്ന വണ്ടികളിൽ പലതും വിറ്റ് പോകാതെ കാട് കയറാൻ തുടങ്ങിയിരുന്നു… അവനുമായി ബിസിനസ് ചെയ്യുന്ന പലരും.. അവൻ കൊടുക്കാനുള്ള പണത്തിനു വേണ്ടി കയ്യിൽ കിട്ടിയതെല്ലാം അവന്റെ ഓഫീസിൽ നിന്നും എടുത്തു കൊണ്ടു പോകുവാനായി തുടങ്ങി… വീട് ഉണ്ടാക്കിയതിന് ശേഷം ഒരൊറ്റ ലോൺ പോലും തിരികെ അടിക്കാത്തത് കൊണ്ടു ബാങ്ക്കാർ വന്നു വീടും പിടിച്ചെടുക്കുമെന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു…

ഒരു ദിവസം വീടിന്റെ കോലായിൽ ഇരിക്കുമ്പോൾ എന്റെ ഭാര്യയും മകനും കയറി വന്നു..

“ഹ്മ്മ്… ആരാ….

എന്ത് വേണം…???…”

അവരെ തീരെ പരിചയം ഇല്ലാത്തത് പോലെ ഞാൻ ചോദിച്ചു..

“ഇക്കാ.. ഞാൻ സുമി യാണ്… ഇക്കാന്റെ സുമയ്യ…”

അവളെന്റെ ഓർമ്മ പോയെന്ന് കരുതിയാകും എന്റെ കയ്യിൽ പിടിക്കുവാനായി ഓടി വന്നു ശ്രമിച്ചു കൊണ്ടു പറഞ്ഞു..

“സുമിയോ.. ഏത് സുമി..

ഇത് സുമിയുടെ വീടൊന്നുമല്ല…ഗഫൂറിന്റെ വീടാണ്…”

അവളെന്റെ കയ്യിൽ പിടിക്കുന്നതിന് മുമ്പേ എന്റെ കൈ മാറ്റി അവിടുന്ന് എഴുന്നേറ്റ് കൊണ്ടു ഞാൻ പറഞ്ഞു..

ഇക്കാ ഇക്കാക്ക് ഞങ്ങളോട് ദേഷ്യമാണെന്ന് അറിയാം… കയറി കിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത അവസ്ഥയിൽ ആണ് ഞങ്ങളിപ്പോൾ .. എനിക് മാപ്പ് നൽകണം..

മാപ്പ് നൽകാൻ ഞാൻ നിന്റെ ആരാണ്.. ആരുമല്ല.. ആരുമല്ല…

അങ്ങനെ പറയരുത് നിങ്ങൾ.. എനിക്ക് എന്റെ തെറ്റ് മനസിലായി.. എനിക്കൊരു അവസരം കൂടി…

നിന്റെ തെറ്റൊന്നും നിനക്ക് മനസിലായിട്ടില്ല.. ഇന്ന് നീയും നിന്റെ മകനും വലിയ ഒരു സാമ്പത്തിക ഞരുക്കത്തിലാണ് അത് തീർക്കാൻ.. അതിൽ നിന്ന് രക്ഷപെടാൻ.. അതല്ലാതെ നിന്റെ ഈ കണ്ണുനീരിൽ ഞാൻ മറ്റൊന്നും കാണുന്നില്ല…

അപ്പോഴാണ് എന്റെ മകൻ എന്ന് പറയുന്നവൻ എന്നേ തല്ലുവാനായി ചീറി അടുത്തത്…

എന്റെ ഒരു കൈക് പോലും തികച്ചില്ലാത്ത അവനെ ഞാൻ പിടിച്ചു തിരിച്ചു മുഖത് നോക്കി ഒന്ന് കൊടുത്തു…

“നായെ… നീ എന്നേ അടിക്കാനും മാത്രം വളർന്നോ… നിന്നെ പോലെ പത്തെണ്ണം വന്നാലും ഗഫൂറിന്റെ രോമത്തിൽ തൊടൂല…

എന്റെ ചോറ് തിന്ന് കൊഴുത്ത ഈ കൈ ഞാൻ ഇന്ന് വെട്ടി മാറ്റണ്ടേൽ ഇപ്പോ ഇവിടുന്ന് ഇറങ്ങണം രണ്ടും…”

എന്റെ ഭാവ മാറ്റം കണ്ടു രണ്ടു പേരും വീട്ടിൽ നിന്നും പുറത്തേക് ഇറങ്ങി..

ഇവിടെ കോടതിയും മറ്റും ഉണ്ടല്ലോ… എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്..

നീ ഒരു പുകിലും ചെയ്യില്ലാ ടാ.. ഇതേ ഞാൻ ചോര നീരാക്കി ഉണ്ടാക്കിയ വീടാണ്… എന്റെ സ്വന്തം വീട്.. ഇവിടുന്ന് എന്നേ ഇറക്കി നിങ്ങളെ കയറ്റാൻ ഏത് കോടതിയാണ് തീരുമാനിക്കുക.. ഇനി അങ്ങനെ ഒരു തീരുമാനം കൊണ്ടു വരാൻ നീ പൈസ കൊടുത്തു ഇറക്കുന്ന വക്കീലിനെക്കാൾ പവറുള്ള വക്കീലിനെ വേണമെകിൽ സുപ്രീം കോർട്ടിൽ നിന്നും ഗഫൂർ കൊണ്ടു വരും.. അതിനുള്ള പണവും പവറും എല്ലാം ഇപ്പോഴും ഉണ്ട് ഗഫൂറിന് കാണണോ നിനക്ക്..

അവരെ അവിടെ തന്നെ നിർത്തി ഞാൻ വീടിനുള്ളിലേക് കയറി പോയി ഒരു പെട്ടി എടുത്തു കൊണ്ടു വന്നു.. അതിൽ നിന്നും എന്റെ ബാങ്ക് പാസ്സ് ബുക്ക്‌ എടുത്തു എന്റെ ഭാര്യ യുടെ നേരെ നീട്ടി..

ഓട്ടക്കാലണയായി നാട്ടിലേക്കു വന്നു എന്ന് കരുതിയ എന്റെ ബാങ്ക് ബാലൻസ് കണ്ടു അവൾ ഞെട്ടി…

അവർ അവിടെ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഒന്ന് കൂടേ പറഞ്ഞു…ഞാൻ മരണപെട്ടാൽ ഇതെല്ലാം സ്വന്തമാക്കാം എന്നൊരു ചിന്ത യൊന്നും വേണ്ടാട്ടോ.. എന്റെ ഈ കാണുന്ന മുതലെല്ലാം അർഹത പെട്ടവർക്ക് എത്തിക്കാനുള്ള പണി ഞാൻ ആദ്യമേ ചെയ്തിട്ടുണ്ട്.. നിങ്ങളോടുള്ള ബാധ്യത ഞാൻ നേരത്തെ തീർത്തത് കൊണ്ടു എനിക്കതിൽ ഒരു കുറ്റബോധവുമില്ല…

അവർ ഞാൻ പറഞ്ഞത് കേട്ടു വീട്ടിൽ നിന്നും ഇറങ്ങി പോയി..

+++

ജീവിതത്തിൽ ഞാൻ ഇത്രക് സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല.. സന്തോഷം കൊണ്ടു എന്റെ കണ്ണുകൾ പോലും നിറഞ്ഞു തുളുമ്പി.. ഒരവസരം എനിക്ക് തരണം എന്നേ ഞാൻ എന്നും എന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചിട്ടുണ്ടായിരുന്നുള്ളു… അതിനെനിക് ഇന്ന് അവസരം കിട്ടി..

വീടിനുള്ളിലേക് കയറുമ്പോൾ ഞാൻ ആ പാസ്സ് ബുക്ക്‌ എടുത്തു നോക്കി…

അതിൽ പന്ത്രണ്ടര കോടി ബാലൻസ് എന്ന് എഴുതിയിട്ടുണ്ട്..

അന്ന് എയർപോർട്ടിലെ ഉദ്ദേയോഗസ്ഥൻ എന്നോ സംശയത്തോടെ കൂട്ടികൊണ്ട് പോയത് ഞാൻ ഓർത്തു പോയി..

അവർ എന്റെ മുന്നിൽ വെച്ച് തന്നെ ഞാൻ കൊണ്ടു വന്ന പെട്ടി പൊട്ടിച്ചു.. അതിൽ നിന്നും ഒരു കവർ പുറത്തെടുത്തു.. തിളങ്ങുന്ന ഒരു വസ്തുവും

ഇത് എന്താണെന്നു ചോദിച്ചു..

അതിൽ എന്താണെന്നു എനിക്ക് അറിയാത്തതു കൊണ്ടു തന്നെ ഞാൻ അറിയില്ല എന്ന് മറുപടി പറഞ്ഞു..

“നിങ്ങളുടെ പെട്ടിയിൽ ഉള്ള സാധനം എന്താണെന്ന് നിങ്ങൾക് അറിയില്ലേ…?”

അവർ വീണ്ടും ചോദിച്ചു..

“ഇല്ല സാർ.. ഇന്നലെ എന്റെ കൂട്ടുകാരാണ് പെട്ടി കെട്ടിയതെന്ന് പറഞ്ഞു..”

അവർക്ക് പൂർണ്ണ വിശ്വാസം വരാതെ ആ കവറിൽ ഉണ്ടായിരുന്ന ബില്ല് എടുത്തു..

അതിൽ ആ സാധനത്തിന്റെ ഇന്ത്യ യിൽ ഉള്ള വിലക്കുള്ള ടാക്സ് കെട്ടിയ രേഖയായിരുന്നു..

ആ സാധനം നാട്ടിൽ പത്തു പതിനഞ്ചു കോടിക്ക് മുകളിൽ വിലയുള്ള ഒരു രത്ന മായിരുന്നു..

എന്റെ അർബാബ് ഞാൻ അറിയാതെ എന്റെ പെട്ടിയിൽ കൂട്ടുകാരുടെ കയ്യിൽ കൊടുത്തു വിട്ടത്.. അദ്ദേഹം തന്നെ അതിനുള്ള ടാക്സ് പോലും കെട്ടിയിട്ടുണ്ടായിരുന്നു…

നാട്ടിൽ എത്തിയ ഉടനെ ഞാൻ അറബാബിനെ വിളിച്ചു.. എന്താണ് ഇതെന്ന് ചോദിച്ചപ്പോൾ പറയുകയാണ്..

“നീ എന്റെ കൂട്ടുകാരനാണ്..

നിന്റെ കണ്ണിന് ഒരു കുഴപ്പവും ഇല്ലന്ന് എനിക്ക് അറിയാം..

നിന്നെ ചികിത്സിച്ച ഡോക്ടറും എന്റെ കൂട്ടുകാരനാണ്.. അവനു ചികിത്സിക്കാനൊന്നും അറിയില്ലെടാ…

നീ എന്റെ കൂടെയും എന്റെ ഉപ്പയുടെയും കൂടേ കൂടിയിട്ട് ഒരുപാട് കൊല്ലങ്ങൾ ആയില്ലേ.. ഇനിയും നിനക്ക് ഒരു നല്ല ജീവിതം ഞങ്ങൾ തന്നില്ലെകിൽ നാളെ പടച്ചോനെ കാണുമ്പോൾ ചോദ്യം വരാം.. അതിനുള്ള സമ്മാനമാണ് ഇത്.. നിനക്ക് എന്നെങ്കിലും നിന്റെ നാട്ടിൽ നിൽക്കാൻ തോന്നുന്നില്ലേൽ എന്നേ വിളിച്ചാൽ മതി.. നിനക്കുള്ള വിസയും ടിക്കറ്റും രണ്ടു ദിവസം കൊണ്ടു വരും.. പഴയ പോലെ എന്റെ വീട്ടിലെ ഡ്രൈവർ ആവാനായി ഉള്ളതല്ല.. എന്റെ കളി കൂട്ടുകാരനായി നിൽക്കാനുള്ളത്.. എനിക്കും എന്റെ കുടുംബത്തിനും നിന്നെ ഒരുപാട് ഇഷ്ട്ടമാണ് ഗഫൂർ…”

അർബാബ് പറഞ്ഞതൊന്നും എനിക്ക് നല്ലത് പോലെ കേൾക്കാൻ പോലും കഴിഞ്ഞിരുന്നില്ല.. ആ സമയം മുഴുവൻ എന്റെ ഹൃദയം തേങ്ങി കരയുകയായിരുന്നു…

ഇഷ്ട്ടമായെങ്കിൽ 👍👍👍 ആയില്ലെങ്കിൽ എവിടേലും കുത്തിക്കോ.. എന്റെ മോന്തക്ക് (മുഖം) ഇട്ട് കുത്തരുതേ,.. മോന്ത ചളിഞ്ഞു പോകും 😁

ബൈ

നൗഫു 😎

Share this on...