ഡോക്ടർ ആയ കൂട്ടുകാരി കെട്ടുന്നത് ദരിദ്രനായ തന്റെ പഴയ കാമുകനെ ,പുച്ഛിച്ച കൂട്ടുകാരി അവസാനം ഞെട്ടി..

in Story 0 views

കാതിൽ വലിയ ജിമിക്കി കമ്മലും കൂടെയിട്ട് കണ്ണാടിയിൽ നോക്കുമ്പോൾ, ഒരുക്കം കഴിഞ്ഞോ മണവാട്ടി എന്നും പറഞ്ഞു പിന്നിൽ ഐശ്വര്യ വന്നു നിന്നു.. അപ്പോയെക്കും മുറി ആകെ നിറഞ്ഞു നിന്നിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം മാറി ഏതോ വില കൂടിയ പെർഫ്യൂം ഗന്ധം അവിടെയൊക്കെ പരന്നു….

പാലക്കാ മാല, മാങ്ങാ മാല, കാശുമാല, നാഗപട മാല, കല്ല് വെച്ച വളകൾ ഒക്കെ അണിഞ്ഞു, നീളൻ മുടി പിന്നോട്ട് മെടഞ്ഞിട്ട്, മുല്ലപ്പൂ ചൂടി, പച്ച നിറമുള്ള ബ്ലൗസും, സ്വർണ കസവു സാരിയും ഉടുത്തു, അധിക ചമയം ഇല്ലാതെ

നാടൻ വധുവിനെ പോലെ ഒരുങ്ങി നിന്ന കാവ്യയെ തനിക്കു നേരെ തിരിച്ചു നിർത്തി ഐശ്വര്യ.
പ്രൗഢി വിളിച്ചോതിയ ഐശ്വര്യയുടെ കാഞ്ചിപുരം സാരിയിലും, പുതിയ മോഡൽ ആഭരങ്ങളിലുമായിരുന്നു ചുറ്റിലുമുള്ളവരുടെ ശ്രദ്ധ.

അതു മനസ്സിലാക്കിയുള്ള ഐശ്വര്യയുടെ പെരുമാറ്റ രീതികൾ കണ്ടപ്പോൾ കാവ്യയുടെ ഉള്ളിൽ ചിരി പൊട്ടി… എങ്കിലും അവൾ സംയമനം പാലിച്ചു.. ഇവൾക്കൊരു മാറ്റവുമില്ലല്ലോന്ന് ഉള്ളാലെ ചിന്തിച്ചു…

ഒരുപാട് നാളുകൾക്കു ശേഷം കാണുകയായിരുന്നു ആ ബാല്യകാല സുഹൃത്തുക്കൾ..
അവരെ സംസാരിക്കാൻ വിട്ട് ബാക്കിയെല്ലാവരും പുറത്തു പോയി…
അല്ലാ, നിന്റെ രൂപേഷേട്ടൻ വന്നിട്ടില്ലേ… കാവ്യ ഐശ്വര്യയോട് ചോദിച്ചു.
ഇല്ലെടീ.. അദ്ദേഹത്തിന്റെ ഓഫീസിൽ ഒരു സ്റ്റാഫിന്റെ വിവാഹം ആണിന്ന്, വിവാഹം ക്ഷേത്രത്തിൽ വെച്ചാണ്.. നാളെ അവിടെ ഓഡിറ്റോറിയത്തിൽ റിസപ്ഷൻ.. അതു അറേഞ്ച് ചെയ്യുന്നത് രൂപേഷേട്ടൻ ആണ്, അങ്ങേർക്ക് സ്റ്റാഫ്‌ എന്നാൽ ജീവനാണ്, അപ്പൊ വരാൻ പറ്റിയില്ല. ഐശ്വര്യ പറഞ്ഞു നിർത്തി..

ശേഷം സ്വകാര്യം എന്ന പോലെ കാവ്യയ്ക്കടുത്തേക്ക് ചെന്നു പതിയെ ചോദിച്ചു…
രാവിലെ അമ്മ പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്, നിന്നെ കെട്ടുന്നത് നന്ദേട്ടൻ ആണെന്ന്…
കാവ്യ ചെറുതായൊന്നു പുഞ്ചിരിച്ചു..
നിനക്കെന്തിന്റെ കേടാ പെണ്ണേ, ഒന്നുല്ലേലും നീയൊരു ഡോക്ടർ അല്ലേ, അപ്പോ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചേ??
ഐശ്വര്യയുടെ സംസാരത്തിൽ കുശുമ്പാണോ, അത്ഭുദമാണോ, മറ്റെന്തെങ്കിലും ആണോ എന്നു തിരിച്ചറിയാൻ കഴിയാതെ നിന്നു കാവ്യ.

നീ കണ്ടില്ലേ, ഇപ്പൊ ഞാൻ എത്ര ആഡംബര ജീവിതമാ നയിക്കുന്നെ.. വീട്ടിൽ മൂന്നു ജോലിക്കാരാ.. അന്ന് ഞാൻ നന്ദേട്ടനോപ്പം ജീവിക്കാമെന്ന് കരുതിയിരുന്നേൽ എന്റെ കഥ എന്താകുമായിരുന്നു…. ഇപ്പൊ നീ അങ്ങനെ തീരുമാനിച്ചിരിക്കുന്നു..
ഐശ്വര്യ തുടർന്നു..
കാവ്യ മറുപടിയൊന്നും പറഞ്ഞില്ല..
അപ്പോയെക്കും കാവ്യയെ കൂട്ടി കൊണ്ടു പോകാൻ അമ്മ വന്നു, കാരണവൻമാർക്ക് ദക്ഷിണ വെച്ചു അനുഗ്രഹം വാങ്ങി കാവ്യയും ബന്ധുക്കളും അമ്പലത്തിലേക്ക് പോയി..
ചെറുക്കനും കൂട്ടരും വന്നെന്ന് പറഞ്ഞപ്പോഴാണ്, കാവ്യക്കടുത്തു നിന്നും ഐശ്വര്യ വന്നു നോക്കിയത്..

ആറടി ഉയരത്തിൽ, ഒത്ത തടിയിൽ സുന്ദരനായിട്ടുണ്ട് നന്ദേട്ടൻ. ക്ലീൻ ഷേവ് ചെയ്ത്, നെറ്റിയിൽ കുറി വരച്ചു സ്വർണ കസവ് മുണ്ടും, കരിം പച്ച ഷർട്ടും ഇട്ട് നടന്നു വരുന്നത് കണ്ടപ്പോൾ ഐശ്വര്യയുടെ ഉള്ളിൽ ചെറിയൊരു വേലിയേറ്റം നടന്നു… പക്ഷേ, പുച്ഛം നിറഞ്ഞ ഒരു ചിരിയിൽ അവൾ അതു ഒതുക്കി കളഞ്ഞു…

നടയിൽ വെച്ച് നന്ദൻ താലി കെട്ടുമ്പോൾ കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിക്കുകയായിരുന്നു കാവ്യ… അയാളുടെ വിരലാൽ സ്വന്തം നെറ്റിയിൽ സിന്ദൂരം ഏറ്റു വാങ്ങുമ്പോൾ അവൾ മനസ്സറിഞ്ഞു ദൈവങ്ങളെ വിളിച്ചു… അതേ, ഏതൊരു പെണ്ണിന്റെയും ജന്മ സാഫല്യം ആണത്… ഇത്ര നാൾ മറ്റുള്ളവരുടെ സിന്ദൂരം കാണുമ്പോൾ തോന്നിയ ചെറിയ അസൂയയെ കുറിച്ചോർത്തു അവൾ പുഞ്ചിരിച്ചു…

കല്യാണം കഴിഞ്ഞു, നന്ദേട്ടന്റെ വീട്ടിലെ വിരുന്നും കഴിഞ്ഞു പോകുമ്പോൾ ഐശ്വര്യ കാവ്യക്കരികിലെത്തി..
പോകുകയാണെന്ന് പറഞ്ഞു കാവ്യയെ ആശ്ലേഷിച്ച ഐശ്വര്യയോട് നാളെ റിസെപ്ഷന് പങ്കെടുക്കാൻ പറഞ്ഞു കാവ്യ..
ഇല്ല മോളെ, ഞാൻ പറഞ്ഞില്ലേ എനിക്കിന്ന് തന്നെ തിരിച്ചു പോകണം..
എംഡി എന്നതിലുപരി ഒരു സഹോദരന്റെ സ്ഥാനമാണ് രൂപേഷേട്ടന് ജോലിക്കാർക്കിടയിൽ… മാത്രവുമല്ല എനിക്കു രൂപേഷേട്ടൻ കല്യാണത്തിന് ഇടാനായി എത്ര വിലയുള്ള സാരിയാണ് വാങ്ങി തന്നതെന്ന് അറിയോ…. നമ്മൾ അവർക്കു മുന്നിൽ സ്റ്റാറ്റസ് നോക്കേണ്ടേ…
അഭിമാനത്തോടെ ഐശ്വര്യ പറഞ്ഞു.

കാവ്യ പിന്നെ നിർബന്ധിച്ചു ഒന്നും പറഞ്ഞില്ല.
അടുത്ത ദിവസം വളരെ മനോഹാരിയായി ഒരുങ്ങി രൂപേഷിനൊപ്പം ഐശ്വര്യ റിസപ്ഷൻ ഹാളിൽ എത്തി. പ്രൗഢ ഗംഭീരമായ അലങ്കാരങ്ങൾ കണ്ടപ്പോയെ ഐശ്വര്യയുടെ കണ്ണ് തള്ളി. രൂപേഷിനൊപ്പം വധു വരന്മാരെ പരിചയപ്പെടാൻ അവൾ തിടുക്കപ്പെട്ടു. കയ്യിൽ കരുതിയ പൂക്കൾ നിറച്ച ബൊക്കെയുമായി അവർ വേദിയിലെത്തി..
വേദിയിൽ ഒരുക്കി വെച്ച ഇരിപ്പിടത്തിൽ ഒരേ നിറത്തിലുള്ള ഡ്രെസ്സുകളണിഞ്ഞ ആ നവ വധു വരന്മാരെ കണ്ടപ്പോൾ ഐശ്വര്യ സ്തബ്ദയായ് നിന്ന് പോയി.
നന്ദേട്ടനും കാവ്യയും…

ചുവപ്പ് ലെഹങ്കയിൽ കാവ്യ തിളങ്ങി നിന്നു, അതിനു മറ്റു കൂട്ടാനെന്നവണ്ണം കഴുത്തിൽ ഒരു ഡയമണ്ട് നെക്ലേസ്, അതിന്റെ സെറ്റ് ആയുള്ള കമ്മലും, വളകളും… നന്ദേട്ടൻ ഷർവാണി ആയിരുന്നു വേഷം.
അവൾ ഉണ്ടാക്കിയെടുത്ത ഒരു ചീട്ടു കൊട്ടാരം അവൾക്ക് മുന്നിൽ തന്നെ പൊട്ടി വീണു…..
മുന്നിൽ വിവാഹ വേഷത്തിൽ തന്റെ ഭർത്താവിന്റെ എംഡിയും ഭാര്യയും. അതു നന്ദേട്ടൻ ആയിരുന്നെന്നോ??

അവൾക്കു തല കറങ്ങും പോലെ തോന്നി.
രൂപേഷ് തട്ടി വിളിച്ചപ്പോഴാണ് ഐശ്വര്യ സ്ഥലകാല ബോധം വീണ്ടെടുത്തത്.
അയാൾക്കൊപ്പം വധു വരന്മാർക്ക് അരികിലെത്തി ആശംസകൾ അറിയിക്കുമ്പോൾ ഐശ്വര്യ നിന്ന് വിയർക്കുകയായിരുന്നു.

അവർ രണ്ടു പേരും ഐശ്വര്യയെ മുൻ പരിചയമുള്ളതായി ഭാവിച്ചില്ല. എങ്കിലും
എത്രയും വേഗത്തിൽ അവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു ഐശ്വര്യയുടെ പ്രാർത്ഥന.
കാവ്യയും ഐശ്വര്യയും ഒരുമിച്ചു കളിച്ചു വളർന്നവർ ആയിരുന്നു, അവരുടെ അയൽക്കാരനായിരുന്നു നന്ദൻ. നന്ദകിഷോർ. പഠിക്കാൻ മിടുക്കനായിരുന്ന നന്ദനെ ഐശ്വര്യ പിന്നാലെ നടന്നു പ്രണയിച്ചു, പ്ലസ് ടു കഴിഞ്ഞു എൻട്രൻസ് കിട്ടി, ഡോക്ടർ വിഭാഗം പഠിക്കാൻ പോയ കാവ്യ ഒരിക്കൽ ലീവിന് നാട്ടിൽ വന്നപ്പോഴാണ് ഐശ്വര്യയുടെ കല്യാണം ഉറപ്പിച്ചത് അറിയുന്നത്.
എന്നാൽ വരൻ നന്ദൻ ആയിരുന്നില്ല, അവൾ ഐശ്വര്യയെ കാണാൻ ചെന്നു, ഐശ്വര്യ സങ്കടപ്പെട്ടിരിക്കുകയാകും എന്നു കരുതിയ കാവ്യയെ ഞെട്ടിക്കും വിധമായിരുന്നു അവളുടെ സന്തോഷം.

നാടൻ ചിന്താഗതികളിൽ ജീവിക്കുന്ന, മര്യാദക്ക് ജോലിയില്ലാത്ത ഒരാളാണ് നന്ദേട്ടനെന്നും, അവൾക്കു ആർഭാടമായി ജീവിക്കണമെന്നും ഐശ്വര്യ കാവ്യയോട് പറഞ്ഞു.
പിന്നെ അമ്പലത്തിൽ വെച്ച് നന്ദേട്ടനെ കണ്ടപ്പോൾ കാവ്യക്ക് സങ്കടം തോന്നി, താടിയും മുടിയുമൊക്കെ വളർന്നു ആകെ ഒരു ഭ്രാന്തൻ കോലം. അവൾ കൊറേയധികം സംസാരിച്ചും, ദേഷ്യപ്പെട്ടും അയാളെ മാറ്റിയെടുത്തു.

കല്യാണം കഴിഞ്ഞു പോയ ഐശ്വര്യ അപൂർവമായേ നാട്ടിൽ വരാറുണ്ടായിരുന്നുള്ളു. കോഴ്സ് കഴിഞ്ഞു നാട്ടിലെത്തിയ കാവ്യ ടൗണിലെ ഒരു ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു, അപ്പോയെക്കും ഉയർന്ന വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു നന്ദൻ ജോലിക്ക് കേറിയിരുന്നു. അയാളുടെ അമ്മാവന്മാരോട് കേസിൽ ആയിരുന്ന അവരുടെ കമ്പനി തിരിച്ചെടുക്കുകയും ചെയ്തു.

അതിനിടയിൽ എപ്പോയോ കാവ്യയും, നന്ദനും പിരിയാൻ പറ്റാത്തത്ര അടുത്ത് പോയിരുന്നു.
ഒരിക്കൽ വളരെ യാദൃശ്ചികമായി തന്റെ കമ്പനിയിലെ ജോലിക്കാരനായ രൂപേഷിനൊപ്പം നന്ദൻ ഐശ്വര്യയെ കണ്ടു, അപ്പോഴാണ് അയാൾക്ക്‌ ഐശ്വര്യ രൂപേഷിന്റെ ഭാര്യയാണെന്ന് മനസ്സിലായത്. ആ ഇടക്ക് കണക്കിലെ ക്രമക്കേട് കാരണത്താൽ ജോലി പോകുമായിരുന്ന രൂപേഷിനു നന്ദൻ തെറ്റ് തിരുത്താൻ അവസരം കൊടുത്തു. ഭാര്യയുടെ ആഡംബര ജീവിതം കൊണ്ടു സംഭവിച്ചതാണെന്നും ആവർത്തിക്കില്ലെന്നും പറഞ്ഞു രൂപേഷ് ക്ഷമ ചോദിച്ചു. അതിൽ പിന്നെ ഒരു സഹോദര സ്ഥാനം രൂപേഷിനു നന്ദൻ നൽകി. അതുകൊണ്ടു തന്നെ വിവാഹ റിസപ്ഷൻ ഒരുക്കാൻ നന്ദൻ രൂപേഷിനെ ഏൽപ്പിക്കുകയും, അയാൾ അതു സഹോദരന്റെ കടമ പോലെ ഭംഗിയാക്കുകയും ചെയ്തു.

ഭക്ഷണം കഴിഞ്ഞു യാത്ര പറഞ്ഞു പോകാനിറങ്ങിയ ഐശ്വര്യയെ കാവ്യ അടുത്തേക്ക് വിളിച്ചു,
” നിന്നോടെനിക്ക് ഒരുപാട് നന്ദിയുണ്ട്, നന്ദേട്ടനെ എനിക്കു തന്നതിന്.. നീ അദ്ദേഹത്തെ അപമാനിച്ചത് കൊണ്ടാണ് ഞാൻ അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയത്, അതു ദൈവ നിമിത്തമാകാം… എന്നാലും അതിനുള്ള എന്റെ സ്നേഹ സമ്മാനമാണ് നീ ഉടുത്തിരിക്കുന്ന ഈ പട്ടുസാരി…. ഇനിയെങ്കിലും അഹങ്കരിക്കാതെ സ്വന്തം നില അറിഞ്ഞു ജീവിക്കാൻ ശ്രമിക്കൂ….
അതും പറഞ്ഞു കാവ്യ നന്ദനരികിലേക്ക് ചെന്നു നിന്നു. അയാൾ അവളെ സ്നേഹത്തോടെ ചേർത്തു പിടിച്ചു……

Share this on...